ഇഗ്ലണ്ട് ഓപ്പണർ അലിസ്റ്റർ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയാൻ ഒരുങ്ങുന്നു. താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 7ന് ഓവലിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിലാകും കുക്ക് അവസാനമായി പാഡ് കെട്ടുക. 33കാരനായ കുക്ക് നിരവധി മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കുക്ക്. 44.88 റൺ ശരാശരിയിൽ 12254 റൺസ് നേടിയ കുക്ക് റൺവേട്ടയിൽ ആറാം സ്ഥാനത്താണ്.

തുടർച്ചയായി ഫോം കണ്ടെത്താൻ പരാജയപ്പെടുന്നതാണ് താരത്തിന്റെ വിരമിക്കലിന് വഴിവെച്ചത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. അർദ്ധസെഞ്ചുറിയോ അതിലധികമോ റൺസ് നേടനാകാതെ കുക്ക് ബുദ്ധിമുട്ടുന്നത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലാണ് ആദ്യമായി ക്രിക്കറ്റ് പ്രേമികൾ കാണുന്നത്. 2008 ന് ശേഷം ഇതാദ്യമായാണ് ഒരു വർഷത്തിന്റെ ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് സെഞ്ചുറി നേടാതിരിക്കുന്നതും ഇതാദ്യമായാണ്.

കുക്കിന്റെ വാക്കുകൾ ഇങ്ങനെ -” എന്റെ പരമാവധി ഞാൻ നൽകി. ഞാൻ വിചാരിച്ചതിലും കൂടുതൽ എനിക്ക് നേടാനായി. ദീർഘകാലം ഇംഗ്ലണ്ടിനായി കളിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമാണ്. ഇത് തന്നെയാണ് ശരിയായ സമയം, പക്ഷെ ചില ടീമംഗങ്ങളുമൊത്ത് ഇനി ഡ്രസ്സിങ് റൂം പങ്കിടാൻ പറ്റില്ലായെന്നത് ഏറെ വിഷമിപ്പിക്കുന്നു.”

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും കൌണ്ടി ക്രിക്കറ്റിൽ താരം തുടരും. എസക്സ്സിനൊപ്പം കൌണ്ടിയിൽ തുടരാനാണ് കുക്കിന്റെ തീരുമാനം. 160 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി മൈതാനത്തിറങ്ങിയ കുക്ക് 12254 റൺസ് നേടിയിട്ടുണ്ട്. 92 ഏകദിനങ്ങളിലും പാഡ് കെട്ടിയ അദ്ദേഹം ഏകദിനത്തിൽ 3204 റൺസും നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook