ജയ്പൂർ: ഒരു റൺസുപോലും വഴങ്ങാതെ 10 വിക്കറ്റ് നേടുകയെന്നത് അപൂർവ നേട്ടം തന്നെയാണ്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ അനിൽ കുംബ്ലെ മാത്രമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ താരം. പക്ഷേ ജയ്പൂർ സ്വദേശിയായ 15 കാരൻ ആകാശ് ചൗധരിയുടെ നേട്ടം അതിനും മേലെയാണ്. ഒരു റൺസ് പോലും വിട്ടു നൽകാതെയാണ് ആകാശ് ഈ നേട്ടം സ്വന്തമാക്കിയത്.

ജയ്പൂരിൽ നടന്ന ആഭ്യന്തര ട്വന്റി ട്വന്റി മൽസരത്തിൽ ദിഷ ക്രിക്കറ്റ് അക്കാദമിക്കു വേണ്ടിയായിരുന്നു ഇടങ്കയ്യൻ പേസറായ ആകാശിന്റെ നേട്ടം. ബാവർ സിങ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിൽ ദിശ ക്രിക്കറ്റ് അക്കാദമിയും പേൾ അക്കാദമിയും തമ്മിലായിരുന്നു മൽസരം. ടോസ് നേടിയ പേൾ അക്കാദമി ബാറ്റിങ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ ദിഷ ക്രിക്കറ്റ് അക്കാദമി 156 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പേൾ അക്കാദമിക്ക് വെറും 36 റൺസ് മാത്രമാണ് നേടാനായത്. തന്റെ ആദ്യ ഓവറിൽതന്നെ ആകാശ് രണ്ടു വിക്കറ്റ് വീഴ്ത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ഓവറിൽ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. തന്റെ അവസാന ഓവറിൽ നാലു വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക്കും നേടി. ഒരു റൺസ് പോലും വിട്ടുനൽകാതെയായിരുന്നു ആകാശിന്റെ ഈ ചരിത്ര നേട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ