ഒരിക്കൽ ആർപ്പുവിളിച്ച് പിന്തുണച്ച ടീമിന്റെ ജഴ്സിയിലേക്ക് മിന്നും വേഗത്തിലുള്ള മാറ്റം. വെറും കൗമാര താരത്തിന്റെ നീക്കങ്ങളല്ല ഹൈറേഞ്ചിന്റെ മിന്നും താരത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നതെന്ന് നന്നായി അറിയാം അജിത് ശിവന്. “അവസാന ഇലവനിൽ കളിക്കാൻ സാധിച്ചാൽ, ഞാൻ ഒരാളെയും നിരാശനാക്കില്ലെ”ന്ന ഉറച്ച വാക്കുകൾക്ക് പുറകിലും ഈ ഇരുപതുകാരന് തന്റെ ചുമതലയറിയാം.

ലേലത്തിന്റെ പതിനഞ്ചാം റൗണ്ടിലാണ് റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സിലൂടെ മികവ് തെളിയിച്ച താരങ്ങളെ ഓരോ ഐഎസ്എൽ ടീമും ലേലത്തിലൂടെ സ്വന്തമാക്കിയത്. ഇടുക്കി ചേലച്ചോട് കഞ്ഞിക്കുഴിയിൽ അജിത്തിന്റെ വീട്ടിലപ്പോൾ എന്തും സംഭവിക്കാമെന്ന നില. ഒന്നുകിൽ താരലോകത്തേക്ക് ഹൈറേഞ്ചിന്റെ അടയാളമായി അജിത്തിന്റെ കുതിച്ചുചാട്ടം. അല്ലെങ്കിൽ വീണ്ടും കാത്തിരിപ്പ്. ഒടുവിൽ മിന്നും വേഗത്തിലുള്ള ഒരു ഫുട്ബോൾ താരത്തിന്റെ വളർച്ചയുടെ പടവ് തന്നെയാണ് താരലേലം എന്ന് ഉറപ്പായി.

തങ്ങളുടെ ഊഴമെത്തിയപ്പോൾ ഒരിറ്റ് സമയം പോലും ആലോചിച്ച് കളയാതെ, അജിത് ശിവനെ ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു. അടിസ്ഥാന വിലയായ ആറ് ലക്ഷത്തിനാണ് ലേലം ഉറപ്പിച്ചത്. ഇതോടെ മഞ്ഞക്കുപ്പായത്തിലേക്ക് മറ്റൊരു മലയാളി താരം കൂടിയെത്തും. അതും ഹൈറേഞ്ചിലെ കാൽപ്പന്ത് കളിയുടെ അടയാളമായി ഒരു കൗമാരതാരം.

Read More : കപ്പില്‍ കുറഞ്ഞൊന്നും മുന്നിലില്ല; ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് റിനോ ആന്‍റോ

“ഞാനിത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. മൂവാറ്റുപുഴ നിർമ്മല കോളേജിന്റെയും ഇടുക്കി ജില്ല ജഴ്സിയിലും മാത്രം കളിച്ച താരമാണ് ഞാൻ. ഒരു പ്രൊഫഷണൽ ക്ലബിലും കളിച്ച് പരിചയമില്ല. പക്ഷെ ഒരിക്കൽ ആർപ്പുവിളിച്ച ടീമിന് വേണ്ടി ജഴ്സിയണിയുക, എനിക്കിപ്പോഴും ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല”അജിത് ശിവൻ ഐഇ മലയാളത്തോട് പറഞ്ഞു.

ഇടുക്കി ജില്ല ടീം അഗമായ അജിത്തിന്റെ കായികജീവിതം തുടങ്ങുന്നത് വെള്ളായണിലെ ശ്രീ അയ്യങ്കാളി സ്മാരക ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സിൽ നിന്നാണ്. ഫുട്ബോൾ തന്നെയായിരുന്നു ഇനം. മൂന്ന് വർഷം മുൻപാണ് ബിരുദ പഠനത്തിനായി മൂവാറ്റുപുഴ നിർമ്മല കോളേജിലെത്തിയത്. അവിടെ നിന്നായിരുന്നു ഫുട്ബോൾ താരമായുള്ള വളർച്ച.

മിഡ്ഫീൽഡ് പൊസിഷനിൽ നിർമ്മല കോളേജിന്റെ നെടുംതൂണായിരുന്നു അജിത്ത്. ഇതിനിടെ 2016ൽ ഇടുക്കി ജില്ല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് തുണച്ചതോടെ ജില്ല ടീമംഗവുമായി. അതിന് മുൻപ് 2015ൽ അണ്ടർ 19 കേരള ക്യാംപിലേക്കും അജിത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

“ഇതുവരെ ഞാനൊരു പ്രൊഫഷണൽ ടീമിലും കളിച്ചിട്ടില്ല. ആദ്യമായാണ് ഒരു സെലക്ഷൻ. അതും ഇത്രയും വലിയ ടീമിൽ. ഒരിക്കൽ ഞാനും കൂടി ആർപ്പുവിളിച്ച ടീമിൽ. ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുമ്പോൾ കളിയിൽ മികവ് വർദ്ധിപ്പിക്കാനാണ് ശ്രമിക്കുക. എങ്കിലും അവസാന ഇലവനിൽ ഇടം ലഭിച്ചാൽ ഞാൻ ആരെയും നിരാശരാക്കാതിരിക്കാൻ ശ്രമിക്കും”അജിത്ത് പറഞ്ഞു.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

കഴിഞ്ഞ വർഷം നടന്ന റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സിൽ ദേശീയ മത്സരത്തിലെ വിജയമാണ് അജിത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. സംസ്ഥാന ചാംപ്യൻഷിപ്പിൽ ഒന്നാമതെത്തിയ നിർമ്മല കോളേജിനെ ദേശീയ തലത്തിൽ രണ്ടാമതെത്തിക്കുന്നതിൽ അജിത്തിന്റെ പങ്കും നിർണ്ണായകമായിരുന്നു. മിഡ്ഫീൽഡ് പൊസിഷനിൽ കൃത്യമായ പന്തടക്കവും, പാസുകളും നിർണ്ണായക അവസരങ്ങളിലെ ഗോളുകളും ആ താരത്തിന്റെ മികവ് തെളിയിച്ചു.

കേരളത്തിൽ നടന്ന സംസ്ഥാന തല ചാംപ്യൻഷിപ്പിൽ 2 ഗോളുകളും ദേശീയ ചാംപ്യൻഷിപ്പിൽ ഒരു ഗോളും സ്വന്തം പേരിൽ ചാർത്തിയാണ് അജിത് കാൽപ്പന്ത് കളിയിലെ തന്റെ ശേഷി തെളിയിച്ചത്. ഒരൊറ്റ ദേശീയ തല മത്സരത്തിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗ് പോലെ പണവും പ്രശസ്തിയും ഒഴുകുന്ന ടൂർണ്ണമെന്റിലേക്കുള്ള മാറ്റത്തിന് പുറകിൽ ഭാഗ്യവും കൂടെയുണ്ടെന്നാണ് അജിത്തിന്റെ വിശ്വാസം.

Read More : ‘ചങ്കേ, കടന്നു വാടാ..!’ റിനോയെ ആവേശപൂർവം ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്ത് സികെ വിനീത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ