മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം അജിത് വാഡേക്കർ അന്തരിച്ചു. ഇന്ത്യൻ നായകനായും പരിശീലകനായും ഒരു കാലഘട്ടത്തിൽ ടീമിനെ നയിച്ച താരമായിരുന്നു അദ്ദേഹം. 77 കാരനായ വാഡേക്കർ അസുഖബാധിതനായി ദീർഘനാൾ ചികിത്സയിലായിരുന്നു.

ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ കൂടിയായ വാഡേക്കർ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് അടക്കമുള്ള വമ്പന്മാരെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. സുനിൽ ഗാവസ്‌കർ ഉൾപ്പടെയുള്ള പല പ്രമുഖരും അരങ്ങേറ്റം കുറിച്ചത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു.

ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്സ്മാനായി അറിയപ്പെടുന്ന വാഡേക്കർ മികച്ച സ്ലിപ് ഫീൽഡർ കൂടിയാണ്. 1996 മുതൽ 8 വർഷക്കാലം ഇന്ത്യൻ ജഴ്‌സിയിൽ 37 ടെസ്റ്റ്‌ മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 1971ൽ ക്യാപ്റ്റനായ അദ്ദേഹം ടെസ്റ്റ്‌ ക്രിക്കറ്റിൽ 2113 റൺസും നേടിയിട്ടുണ്ട്.

90കളിൽ ടീം പരിശീലകനായി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ വഡേക്കർ സെലക്ടർ എന്ന നിലയിലും സേവനം ചെയ്തിട്ടുണ്ട്. കളിക്കാരൻ, നായകൻ, പരിശീലകൻ, മുഖ്യ സെലക്ടർ എന്നീ എല്ലാ നിലകളിലും പ്രവർത്തിച്ച മൂന്നാമത്തെ താരമാണ് അദ്ദേഹം. എറ്റവും കൂടുതൽക്കാലം പരിശീലകനായി പ്രവർത്തിച്ച ഇന്ത്യക്കാരനും വാഡേക്കർ തന്നെ.

മുബൈ പരിശീലകനായും പ്രവർത്തിച്ച വാഡേക്കർ നാലുവട്ടം മുബൈയെ രഞ്ജി ട്രോഫി ജേതാക്കളുമാക്കി. രാജ്യം അർജുന അവാർഡും പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ സമഗ്രസംഭാവനക്കുള്ള സി.കെ.നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കരസ്ഥമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook