മുംബൈ: ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിച്ച രണ്ടു മൽസരത്തിലും ആർ.അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പല വിമർശനങ്ങളും വിരാട് കോഹ്‌ലി നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളായ അജിത് അഗാർക്കർ.

”ചാംപ്യൻസ് ട്രോഫി തുടങ്ങുന്നതിനു മുൻപ് ഇന്ത്യയുടെ ബാറ്റ്സ്മാന്മാരിൽ ചിലർ നല്ല ഫോമിലായിരുന്നില്ല. എന്നാൽ ടൂർണമെന്റ് തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാ ബാറ്റ്സ്മാന്മാരും മികച്ച ഫോമിലായി. അഞ്ചു ബോളർമാരും നല്ല ഫോമിലാണ്. എല്ലാ ബോളർമാരും നല്ല ഫോമിലായതിനാലാണ് അശ്വിന് ടീമിൽ ഇടം നേടാനാകാത്തതെന്ന്” അഗാർക്കർ പിടിഐയോട് പറഞ്ഞു.

”ഇന്ത്യയുടേത് മികച്ച ടീമാണ്. ബുംറയും ഉമേഷ് യാദവിന്റെയും വ്യത്യസ്തമായ ബോളിങ് രീതി ഇന്ത്യൻ ടീമിന് ഗുണം ചെയ്യും. കളിയിൽ ഉടനീളം ശക്തമായ ആക്രമണമാണ് ഇന്ത്യ പുറത്തെടുക്കേണ്ടത്. ബാലൻസ് ചെയ്യാതെ ഒരേരീതിയിൽ ആക്രമണം പുറത്തെടുക്കണം. ചാംപ്യൻസ് ട്രോഫിയിലേത് അടുത്തിടെ ഇന്ത്യ പുറത്തെടുത്ത മികച്ച ബോളിങ് ആക്രമണമാണ്. വിരാട് കോഹ്‌ലിയുടെ നായകത്വത്തിലുളള ഇന്ത്യൻ ടീമിന് ഐസിസി ചാംപ്യൻസ് ട്രോഫി നേടാനാകുമെന്ന് താൻ വിശ്വസിക്കുന്നതായും” അഗാർക്കർ പറഞ്ഞു.

Read More: അജിത് അഗാർക്കർ തിരിച്ചെത്തുന്നു; ഇനി പുതിയ റോളിൽ

”ശിഖർ ധവാൻ മികച്ച ഫോമിലാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ പരുക്ക് മൂലം രോഹിത് ശർമയ്ക്ക് അധികം മൽസരങ്ങൾ കളിക്കാനായില്ല. എന്നാൽ ചാംപ്യൻസ് ട്രോഫിയിലെ രണ്ടു മൽസരങ്ങളിലും മികച്ച ബാറ്റിങ്ങാണ് രോഹിത് പുറത്തെടുത്തത്. രോഹിതിന്റെ ഫോം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്”.

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൽസരത്തെക്കുറിച്ചും അഗാർക്കർ പ്രതികരിച്ചു. ഏകദിനത്തിൽ മികച്ച ടീമുകളിലൊന്നാണ് സൗത്ത് ആഫ്രിക്ക. പാക്കിസ്ഥാനെതിരെ മോശം പ്രകടനമാണ് അവർ നടത്തിയത്. ഇന്ത്യയുമായുളള മൽസരം അവർക്ക് ജയിച്ചേ തീരു. അതിനാൽതന്നെ നല്ല രീതിയിൽ കളിക്കാനായിരിക്കും അവർ ശ്രമിക്കുക. ഇതിനു മുൻപ് അവർ ഒരിക്കൽപ്പോലും ഐസിസി ചാംപ്യൻസ് ട്രോഫി നേടിയിട്ടില്ല. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തുക ഇന്ത്യയ്ക്ക് ദുഷ്കരമായിരിക്കു”മെന്നും അഗാർക്കർ പറഞ്ഞു.

നാളെയാണ് ഇന്ത്യ-സൗത്ത് ആഫ്രിക്ക മൽസരം. ഇന്ത്യയ്ക്ക് ഈ മൽസരം നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ