ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്‌ക്ക് ചരിത്രവിജയം സമ്മാനിച്ച നായകനാണ് അജിങ്ക്യ രഹാനെ. വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തിലും ഒത്തൊരുമയോടെ ടീമിന് നയിക്കാൻ സാധിച്ച രഹാനെയുടെ നേതൃശേഷി എടുത്തുപറയേണ്ടതാണ്. ടീമിനെ നയിക്കുന്നതിൽ മാത്രമല്ല എതിരാളികളോട് ബഹുമാനത്തോട് പെരുമാറുന്നതിലും രഹാനെ വളരെ വ്യത്യസ്‌തനാണ്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ടീമിന് വലിയ സ്വീകരണമാണ് രാജ്യത്ത് പലയിടത്തായി ഒരുക്കിയത്. മുംബൈയിൽ ഇന്ത്യൻ നായകൻ രഹാനെയ്‌ക്ക് മുറിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയത് വലിയ വാർത്തയായിരുന്നു. എന്നാൽ, ഈ കേക്ക് മുറിക്കാൻ ഇന്ത്യൻ നായകൻ രഹാനെ വിസമ്മതിച്ചു. ഓസ്ട്രേലിയയെ പരിഹസിക്കുന്നതിനു തുല്യമാണ് കങ്കാരു കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നത്. അതുകൊണ്ട് എതിരാളികളെ പരിഹസിച്ചുകൊണ്ട് വിജയം ആഘോഷിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു രഹാനെ.
ഈ സംഭവത്തെ കുറിച്ച് രഹാനെ പറയുന്നത് ഇങ്ങനെ: “കങ്കാരു അവരുടെ ദേശീയ മൃഗമാണ്. അതുകൊണ്ട് ആ കേക്ക് മുറിക്കാൻ എനിക്ക് തോന്നിയില്ല. നിങ്ങൾ വിജയികളായിരിക്കാം, ചിലപ്പോൾ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടാകും. എങ്കിൽ പോലും നിങ്ങൾ നിങ്ങളുടെ എതിരാളികളെ ബഹുമാനിക്കണം. മറ്റു രാജ്യങ്ങളോടും എതിർ ടീമുകളോടും നിങ്ങൾ ബഹുമാനം പ്രകടിപ്പിക്കണം. അതുകൊണ്ട് മാത്രമാണ് ആ കേക്ക് ഞാൻ മുറിക്കാതിരുന്നത്.”
Always wanted to ask @ajinkyarahane88 about the cake he was offered with a kangaroo on it and why he refused to cut it. The small things that tell you more about a person. More of this conversation on his FB page. pic.twitter.com/YZwwQKlFJq
— Harsha Bhogle (@bhogleharsha) January 30, 2021
നേരത്തെ കോഹ്‌ലിയെ പിന്തുണച്ച് രഹാനെ സംസാരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം രഹാനെയുടെ ക്യാപ്‌റ്റൻസി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി രഹാനെയ്‌ക്ക് ചുമതല നൽകണമെന്ന വാദവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ്‌ലിയെ പിന്തുണച്ച് രഹാനെ എത്തിയത്.
“ഒന്നും മാറുന്നില്ല. ടെസ്റ്റ് ടീമിന്റെ നായകൻ എപ്പോഴും വിരാട് തന്നെയായിരിക്കും. ഞാൻ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ടീമിനെ നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഇന്ത്യയുടെ വിജയത്തിനുവേണ്ടി എന്റെ കഴിവിന്റെ പരമാവധി നൽകേണ്ടത് ഉത്തരവാദിത്തമാണ്,” രഹാനെ പറഞ്ഞു.
“കേവലം ഒരു ക്യാപ്റ്റനാകുക എന്നതിലല്ല കാര്യം. ഒരു നായകന്റെ വേഷം എങ്ങനെ മികച്ചതാക്കുന്നു എന്നതാണ് പ്രധാനം. ഇതുവരെ നായകനെന്ന നിലയിൽ എനിക്ക് വിജയിക്കാൻ സാധിച്ചു. ഭാവിയിലും ടീമിനുവേണ്ടി മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കുമെന്നും വിജയം സമ്മാനിക്കാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,”
“വിരാടും ഞാനും തമ്മിൽ നല്ല അടുത്ത ബന്ധമുണ്ട്. എന്റെ ബാറ്റിങ്ങിനെ അദ്ദേഹം പുകഴ്‌ത്താറുണ്ട്. ഇന്ത്യയിലും വിദേശത്തും ഞങ്ങൾ ഒന്നിച്ച് മികച്ച ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. ഞങ്ങൾ ഇരുവരും പരസ്‌പരം പിന്തുണയ്ക്കാറുണ്ട്. ക്രീസിൽ ഒന്നിച്ചായിരിക്കുമ്പോൾ എതിർവശത്തെ ബോളിങ്ങിനെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരു മോശം ഷോട്ട് കളിച്ചാൽ പരസ്‌പരം തിരുത്താനും ഞങ്ങൾ ശ്രമിക്കാറുണ്ട്,” രഹാനെ പറഞ്ഞു.
കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ രഹാനെ പുകഴ്‌ത്തി. “മികച്ചൊരു ക്യാപ്റ്റനാണ് കോഹ്‌ലി. ഫീൽഡിൽ മികച്ച തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനു സാധിക്കും. വിരാട് എന്നിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതീക്ഷകൾ പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്,” രഹാനെ കൂട്ടിച്ചേർത്തു.