സെഞ്ചൂറിയൻ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം മത്സരത്തിലും അന്തിമ ഇലവനിൽ അജിങ്ക്യ രഹാനെയുടെ പേര് കാണില്ലെന്ന് സൂചന. വീണ്ടും രോഹിത് ശർമ്മയെ തന്നെ മത്സരിപ്പിക്കാനാണ് കോഹ്ലിയും കോച്ചി രവി ശാസ്ത്രിയും തീരുമാനിച്ചിരിക്കുന്നത്.

കേപ് ടൗണിലെ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഒന്നടങ്കം പരാജയപ്പെട്ട സാഹചര്യത്തിൽ ഇതിൽ രോഹിത്തിനെ മാത്രമായി എന്തിന് കുറ്റപ്പെടുത്തുന്നുവെന്നാണ് ടീം നേതൃത്വം ചോദിക്കുന്നത്. ബാറ്റിംഗിൽ രോഹിത് ശർമ്മ മോശക്കാരനല്ല, ക്യാപ്റ്റൻ കോഹ്ലിയടക്കം എല്ലാവരും പരാജയപ്പെട്ടതാണ്. ഹർദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് പ്രകടനം മാത്രമാണ് എടുത്ത് പറയാനുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ ബാറ്റിംഗിൽ എല്ലാ താരങ്ങളും ശ്രദ്ധിക്കണമെന്നാണ് ടീമിന്റെ തീരുമാനം.

മുൻപ് ദക്ഷിണാഫ്രിക്കയിൽ ബോളിംഗിന് അനുകൂലമായ പിച്ചിൽ പോലും നന്നായി ബാറ്റ് ചെയ്ത റെക്കോഡ് അജിങ്ക്യ രഹാനെയ്ക്കുണ്ട്. ബോളിംഗ് പിച്ചിൽ ഇന്ത്യൻ മധ്യനിരയിൽ വിക്കറ്റ് വീഴാതെ കാക്കുന്ന രഹാനെയെ ഒഴിവാക്കിയതിനെ പലരും വിമർശിച്ചിരുന്നു. ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്കയുടെ ബോളിംഗ് ഇതിഹാസം അലൻ ഡൊണാൾഡ് പോലും ഇന്ത്യയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചു.

ഈ സാഹചര്യത്തിലാണ് ടീം ഘടനയിൽ മാറ്റമുണ്ടാകുമെന്ന തോന്നലുണ്ടായത്. അഞ്ച് ബോളർമാർ എന്ന തീരുമാനത്തിന് സെഞ്ചൂറിയനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും മാറ്റമുണ്ടാകില്ല. ഹർദ്ദിക് പാണ്ഡ്യയെ ഒഴിച്ചുനിർത്തി ബോളിംഗിന് പ്രാധാന്യമുള്ള മത്സരത്തിൽ ടീമിനെ തീരുമാനിക്കാൻ ആരും തയ്യാറല്ല. ബാറ്റിംഗ് കൂടുതൽ ശക്തമാക്കാൻ രഹാനെയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ രോഹിത്തിനെ മാറ്റി രഹാനെയെ ഉൾപ്പെടുത്തിയാൽ ഒന്നാം ടെസ്റ്റ് തോറ്റതിന്റെ മുഴുവൻ ഭാരവും രോഹിത്തിന്റെ ചുമലിലേക്ക് മാറ്റുന്നത് പോലെയാകുമിതെന്ന വാദവും ടീമിൽ ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ