ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് അയവില്ല. ടീമിൽ അജിങ്ക്യ രഹാനെയെ പുറത്തിരുത്തി രോഹിത് ശർമ്മയെ കളിപ്പിച്ചതിനെതിരെ ഉടലെടുത്ത വിവാദങ്ങൾക്കാണ് അയവില്ലാത്തത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളായ അലൻ ഡൊണാൾഡാണ് വിരാട് കോഹ്‌ലിയുടെ തീരുമാനം മണ്ടത്തരമാണെന്ന് വിമർശിച്ചത്.

ഇന്ത്യയുടെ മധ്യനിരയിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് രഹാനെയെന്നും അടുത്ത മൽസരത്തിൽ രഹാനെയെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. “രഹാനെയെ ടീമിന് പുറത്തിരുത്തിയത് മണ്ടത്തരമായെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചപ്പോൾ രഹാനെയുടെ പ്രകടനം മികച്ചതായിരുന്നു. രഹാനെ എല്ലാ അർത്ഥത്തിലും ഒരു ലോകോത്തര കളിക്കാരനാണ്”, അലൻ ഡൊണാൾഡ് പറഞ്ഞു.

”രഹാനെ പുറത്തിരിക്കുന്നതും കളിക്കാർക്ക് വെള്ളം കൊണ്ടുവന്ന് കൊടുക്കുന്നതും ദക്ഷിണാഫ്രിക്കൻ താരങ്ങൾ ആഹ്ലാദത്തോടെയാണ് നോക്കിയത്. ഏത് പേസ് നിരയ്ക്ക് മുന്നിലും പാറപോലെ ഉറച്ചുനിൽക്കുന്ന കളിക്കാരനെയാണ് ഇന്ത്യ പുറത്തിരുത്തിയത്”, അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, ഇന്ത്യൻ ബോളിങ് നിരയെ എടുത്ത് പറഞ്ഞ് പ്രകീർത്തിക്കാനും 51കാരൻ മറന്നില്ല. ദക്ഷിണാഫ്രിക്കയുടെ പേസ് നിരയോട് കിടപിടിക്കുന്ന ബോളർമാരാണ് ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയുമെന്ന് അദ്ദേഹം പറഞ്ഞു. “ഈ ബോളിങ് നിര ഇന്ത്യയുടെ നേട്ടമാണ്. അടുത്ത ടെസ്റ്റിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ഇന്ത്യക്ക് ഇവരിലൂടെ സാധിച്ചേക്കും. ദക്ഷിണാഫ്രിക്കയുടെ പേസ് നിര വേഗതയുടെ ആനുകൂല്യത്തിലാണ്. എന്നാൽ ബോളിങ്ങിൽ വൈവിധ്യ ശേഷിയുള്ള താരങ്ങളാണ് ഇന്ത്യയുടേത്”, അലൻ ഡൊണാൾഡ് ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook