താനും കോഹ്‌ലിയും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ഓസ്ട്രേലിയൻ പര്യടനത്തിനു പിന്നാലെ കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രഹാനെയെ തൽസ്ഥാനത്തു നിയോഗിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ്‌ലിയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് രഹാനെ തുറന്നുപറഞ്ഞത്.

“ഞങ്ങൾ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്താനാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത്. വിരാട് ഇപ്പോൾ ഇന്ത്യയുടെ നായകനാണ്. ഞാൻ ഉപനായകനും. ഈ ചുമതല ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്തുകയും ടീം അംഗങ്ങളിൽ നിന്ന് അവരുടെ കഴിവിന്റെ പരാമവധി ഉപയോഗപ്പെടുത്തുകയുമാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോഹ്‌ലിക്ക് പിന്നിൽ ഇരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനു പിന്നാലെ ഞങ്ങൾ പരസ്‌പരം ചില മെസേജുകൾ അയച്ചു. കോഹ്‌ലി എന്നെ അനുമോദിച്ചു. എന്നാൽ, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കോഹ്‌ലി കടന്നുപോയിക്കൊണ്ടിരിക്കുന്നത്,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ രഹാനെ പറഞ്ഞു.

ഓസ്ട്രേലിയയിലെ വിജയം ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്കായി സമർപ്പിക്കുകയാണെന്ന് രഹാനെ പറഞ്ഞു. എല്ലാ താരങ്ങളെയും പിന്തുണയ്‌ക്കുക എന്നത് ക്യാപ്റ്റനെന്ന നിലയിൽ എന്റെ ഉത്തരവാദിത്തമായിരുന്നു. കളിക്കാത്ത താരങ്ങളെയും ഞാൻ പിന്തുണച്ചു. ടീമിന് അവരും പ്രധാനപ്പെട്ടവരാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് സ്വപ്‌നസുന്ദരമായ വിജയം സ്വന്തമാക്കാൻ സാധിച്ചതെന്നും രഹാനെ പറഞ്ഞു.

Read Also: ബാഴ്‌സയിൽ ചെലവഴിക്കുന്ന ഒരു മിനിറ്റിന് മെസി വാങ്ങുന്ന പ്രതിഫലം എത്ര ?

ബ്രിസ്‌ബെയ്‌ൻ ടെസ്റ്റിലെ പ്രകടനത്തെ കുറിച്ചും രഹാനെ മനസുതുറന്നു. “അതിവേഗം കുറച്ച് റൺസ് സ്വന്തമാക്കാനാണ് ഞാൻ ആഗ്രഹിച്ചത്. വിജയം സാധ്യമാണെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് പെട്ടന്ന് റൺസ് ഉയർത്താൻ ശ്രമിച്ചു. റിഷഭ് പന്തിനോടും വാഷിങ്ടൺ സുന്ദറിനോടും ഞങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഒരു നിർദേശവും നൽകിയില്ല. അവർ അവർക്ക് സാധിക്കുന്ന രീതിയിൽ ബാറ്റ് ചെയ്തു,” രഹാനെ പറഞ്ഞു.

അഡ്‌ലെയ്‌ഡിലെ തോൽവിക്കു ശേഷമുള്ള ടീം മീറ്റിങ് താൻ ഒരിക്കലും മറക്കില്ലെന്നും രഹാനെ പറഞ്ഞു. “എന്നും ഓർമയിൽ സൂക്ഷിക്കുന്ന നിമിഷങ്ങളായിരിക്കും അത്. മെൽബണിലാണ് ആ ടീം മീറ്റിങ് നടന്നത്. അഡ്‌ലെയ്‌ഡ് ടെസ്റ്റിന് ശേഷം. ടീം എന്ന നിലയിൽ ഞങ്ങൾ ഒരുപാട് മാറിയത് അവിടെ നിന്നാണ്. ഈ പരമ്പരയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പോലും അപ്പോൾ അറിയില്ലായിരുന്നു. ഞങ്ങളെ ഒത്തൊരുമിപ്പിച്ച ആ നിമിഷങ്ങൾ വളരെ സുന്ദരമായിരുന്നു,” രഹാനെ പറഞ്ഞു.

“അഡ്‌ലെയ്‌ഡ് ടെസ്റ്റിൽ ഞാൻ ഉപനായകൻ ആയിരുന്നു. അഡ്‌ലെയ്‌ഡിലെ തോൽവി ഞങ്ങളെ വളരെ നിരാശപ്പെടുത്തി. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ പറ്റാത്ത അവസ്ഥ. ഒരു മണിക്കൂർ കൊണ്ടാണ് കളി മൊത്തം മാറിയത്. പരാജയത്തെ കുറിച്ച് മനസിലാക്കാനും അതിൽ നിന്നു തിരുത്തലുകൾ ഉൾക്കൊണ്ട് തിരിച്ചുവരാനും ഞങ്ങൾ അതിയായി ആഗ്രഹിച്ചു. അടുത്ത മത്സരം മുതൽ കോഹ്‌ലി ഞങ്ങൾക്കൊപ്പം ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കൃത്യമായ പദ്ധതികൾ ഞങ്ങൾ തയ്യാറാക്കി,”രഹാനെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook