ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ നടത്തിയ ഗംഭീര തിരിച്ചുവിന്റേ പേരിൽ ടീമിന്റെ ഇടക്കാല നായകൻ അജിങ്ക്യ രഹാനെയെ പ്രശംസിച്ച് ഇയാൻ ചാപ്പൽ. മിടുക്കോടെയും ധീരമായും ടീമിനെ മുന്നോട്ട് നയിക്കാൻ ശേഷിയുള്ള നായതനാണ് രഹാനെയെന്ന് അദ്ദേഹം പറഞ്ഞു.
അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് ഓസീസിനോട് പരാജയപ്പെട്ട ടീം ഇന്ത്യ മെൽബണിലെ രണ്ടാം ടെസ്റ്റിൽ രഹാനെയുടെ ക്യാപ്റ്റൻസിയിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിരുന്നു. പിതൃത്വ അവധിയിലുള്ള സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പകരക്കാരനായാണ് രഹാനെയെ ടീമിന്റെ ക്യാപ്റ്റനാക്കിയത്.
“മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അജിങ്ക്യ രഹാനെ മികച്ച ക്യാപ്റ്റൻസി പുറത്തെടുത്തതിൽ അതിശയിക്കാനില്ല. 2017 ൽ ധർമ്മശാലയിൽ അദ്ദേഹം എങ്ങനെ ചുമതലയേറ്റെടുത്തു എന്നു കണ്ട ഏതൊരാൾക്കും അദ്ദേഹത്തെ ക്രിക്കറ്റ് ടീമുകളെ നയിക്കാൻ ജനിച്ച ഒരാളായി തിരിച്ചറിയാൻ പറ്റുമായിരുന്നു, ”ചാപ്പൽ ഇഎസ്പിഎൻ ക്രിക് ഇൻഫോയിലെ തന്റെ കോളത്തിൽ എഴുതി.
അന്ന് ഇന്ത്യ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. പരമ്പര 2-1 ന് അവസാനിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ 46 റൺസ് നേടിയ രഹാനെ ചേസിങ്ങിൽ അല്ല 38 റൺസിന് പുറത്താവാതെ നിൽക്കുകയായിരുന്നു.
“ധർമ്മശാല മത്സരത്തിൽ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷം, ഡേവിഡ് വാർണർ- സ്റ്റീവ് സ്മിത്ത് പാർട്നർഷിപ്പ് സെഞ്ച്വറി നേടിയപ്പോൾ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവിനെ രഹാനെ വിളിച്ച സമയമാണ്. ‘ഇതൊരു ധീരമായ നീക്കമാണ്’ ഞാൻ വിചാരിച്ചു, അത് വളരെ സ്മാർട്ട് ആയി മാറി,” ചാപ്പൽ ഓർമ്മിപ്പിച്ചു.
വാർണറുടെ വിക്കറ്റ് നേടാൻ യാദവിന് കഴിഞ്ഞു. ആദ്യ സ്ലിപ്പിൽ രഹാനെ പിടികൂടുകയായിരുന്നു. ഓസീസിനെ തോൽപിക്കാനും ഇത് സഹായകമായിരുന്നു.
“എന്നിരുന്നാലും, ഈ രണ്ട് പ്രധാന ഗുണങ്ങളെക്കാളും അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവിന് വളരെയധികം കാര്യങ്ങളുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുമ്പോളും അദ്ദേഹം ശാന്തനാണ്, ” മുൻ ഓസീസ് നായകൻ പറഞ്ഞു.
“മികച്ച ക്യാപ്റ്റൻസിയുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നായ ടീമംഗങ്ങളുടെ ബഹുമാനം അദ്ദേഹം നേടിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ അയാൾക്ക് റൺസ് ലഭിക്കുന്നു, ഇത് ടീമിനോടുള്ള ബഹുമാനത്തെ വർദ്ധിപ്പിക്കുന്നു,” ചാപ്പൽ പറഞ്ഞു.