വെല്ലിങ്ടണ്‍: പാക് ക്രിക്കറ്റിനെ കുറിച്ച് പറയുമ്പോഴൊക്കെ പ്രയോഗിക്കുന്ന വാക്കാണ് ‘പ്രവചനാതീതം’ എന്നത്. പാകിസ്ഥാന്‍ എന്നും അങ്ങനെയായിരുന്നു. ആരേയും പരാജയപ്പെടുത്തും ആരോടും പരാജയപ്പെടും. ടീമിന്റെ പ്രകടനത്തെ ഒരിക്കലും പ്രവചിക്കാനാകില്ല. തീര്‍ന്നെന്ന് കരുതുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. കുതിച്ചുയരുമെന്ന് കരുതുമ്പോള്‍ താഴേക്ക് കൂപ്പുകുത്തും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ശ്രീലങ്കയെ 136 റണ്‍സിനെ ഓള്‍ ഓട്ടാക്കിയതിന് ശേഷം 114 റണ്‍സിന് പുറത്തായത്.

ഇന്ന് ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ എല്ലാവരുടേയും പ്രവചനങ്ങള്‍ തിരുത്തിയിരിക്കുകയാണ്. ജയിക്കുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ ന്യൂസിലാന്റിനോട് നാണംകെട്ട് തോറ്റിരിക്കുകയാണ് പാകിസ്ഥാന്‍. 176 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കേണ്ട പാകിസ്ഥാന്‍ ഒരു ദിവസവും പത്ത് വിക്കറ്റും കയ്യിലുണ്ടായിരുന്നിട്ടും നാല് റണ്‍സിനാണ് കിവികളോട് പരാജയപ്പെട്ടത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ അപ്രതീക്ഷ തോല്‍വി ഇതോടെ പാകിസ്ഥാന്‍ ഏറ്റുവാങ്ങി.

മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ വിജയം മുന്നില്‍ കണ്ടിരുന്നതാണ്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച അജാസ് പട്ടേലാണ് പാകിസ്ഥാന്റെ അന്തകനായത്. 176 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 171 റണ്‍സിന് പുറത്താവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും ചെറിയ നാലാമത്തെ വിജയമാണ് ന്യൂസിലാന്റിന്റേത്.

മൂന്നാം ദിനം കളിയാരംഭിക്കുമ്പോള്‍ പാകിസ്ഥാന് വിക്കറ്റൊന്നും നഷ്ടപ്പെട്ടിരുന്നില്ല. ജയിക്കാന്‍ വേണ്ടിയിരുന്നത് ആകട്ടെ 137 റണ്‍സും. എന്നാല്‍ തുടരെ തുടരെ മൂന്ന് പേരെ പുറത്താക്കി കിവീസ് ബൗളര്‍മാര്‍ പാകിസ്ഥാന് ആദ്യത്തെ അടി കൊടുത്തു. നാലാം വിക്കറ്റില്‍ അസ്ഹര്‍ അലിയും ആസാദ് ഷഫീഖും ചേര്‍ന്ന് പാകിസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കി. ഇരുവരും അടിച്ച് തകര്‍ത്ത് നേടിയത് 82 റണ്‍സായിരുന്നു. എന്നാല്‍ സ്‌കോര്‍ 130 ല്‍ എത്തി നില്‍ക്കെ ആസാദ് പുറത്തായി. അതൊരു തകര്‍ച്ചയുടെ തുടക്കമായി. പക്ഷെ അപ്പോഴും ആറ് വിക്കറ്റ് കൈയ്യിലുണ്ടായിരുന്നു പാകിസ്ഥാന്. എന്നിട്ടും പാകിസ്ഥാന് ജയിക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത അജാസാണ് പാകിസ്ഥാനെ തുരത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook