ഐസ്വാള്‍: കോരിച്ചൊരിഞ്ഞ വേനല്‍ മഴയില്‍ തിളിര്‍ത്തത് ഐസ്വാളിന്‍റെ മാത്രമല്ല. ഇന്ത്യന്‍ ഫുട്ബാളിനു ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്യുന്ന ഒരു നാടിന്‍റെ കൂടി സ്വപ്‌നങ്ങള്‍കൂടിയാണ്. ഇനി ആ സ്വപ്‌നങ്ങള്‍ തളിരിടാന്‍ ഒരു കളിയുടെ ദൂരം മാത്രം. മുന്നില്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ അത്ഭുത അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ വര്‍ഷത്തെ ഐ ലീഗ് കിരീടം ഐസ്വാളിലേക്ക് പോവും !

ഖാലിദ് ജമീല്‍ എന്ന മുന്‍ഇന്ത്യന്‍ മധ്യനിരതാരം ഐസ്വാളിന്റെ കോച്ചായി സ്ഥാനമേറ്റപ്പോള്‍, രണ്ടാമത് വർഷം ഐ ലീഗ് കളിക്കുന്ന ഒരു ചെറിയ ടീം ഇന്ത്യന്‍ ഫുട്ബാളിലെ അധികായന്മാരെ കൊമ്പുകുത്തിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നു എന്ന് അധികമാരും ആരും ചിന്തിച്ചു കാണില്ല. പക്ഷെ ഖാലിദും ടീമും അത് ഉറച്ചു വിശ്വസിച്ചു.

കപ്പില്‍ കുറഞ്ഞ മറ്റൊന്നും തങ്ങള്‍ക്ക് ലക്ഷ്യമില്ലെന്ന പ്രഖ്യാപനത്തോടെ തന്നെയായിരുന്നു ഐസ്വാളിന്റെ സീസണ്‍ തുടങ്ങുന്നത്. ലീഗ് പട്ടികയില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ മാത്രം അറിഞ്ഞ ടീം. ഇത്രയും സ്ഥിരതയോടെ ലീഗ് പൂര്‍ത്തിയാക്കിയ മറ്റൊരു ടീം ഈ ഐ ലീഗില്‍ ഇല്ല. ലീഗ് തുടങ്ങുമ്പോള്‍ കടുത്ത മത്സരം കാഴ്ച്ചവച്ച ഈസ്റ്റ് ബംഗാള്‍ വലിയൊരു സമയം വരെ പട്ടികയില്‍ ഒന്നാമതായി നിന്നു എങ്കിലും പിന്നീട് പതറി. തുടക്കത്തിലെ പകച്ച മോഹന്‍ ബഗാന്‍ പിന്നീട് കപ്പ്‌ വിട്ടുകൊടുക്കില്ല എന്ന വാശിയോടെ മുന്നേറി എങ്കിലും തുടക്കത്തിലെ തളര്‍ച്ച അവരെ തളര്‍ത്തി. കഴിഞ്ഞ മൂന്ന് സീസണിലും കടുത്ത മത്സരം കാഴ്ച്ചവെച്ച ബെംഗളൂരു എഫ്സി ഇപ്പോഴും തകര്‍ച്ചയില്‍ നിന്നും കര കയറിയ മട്ടില്ല.

ഇന്ന് ഐസ്വാളില്‍ കണ്ട വിജയവും ഇതേ സ്ഥിരതയും അനായാസതയും നിറഞ്ഞത് തന്നെ. മഴയും മൂടല്‍മഞ്ഞും ബുദ്ധിമുട്ടു സൃഷ്‌ടിച്ച കളിയുടെ തുടക്കം മുതല്‍ക്കെ ഐസ്വാളിന്റെ ചുവന്ന പട കൗണ്ടര്‍ അറ്റാക്കുകള്‍ക്കായി തക്കംപാര്‍ത്തിരുന്നു. അല്‍ അംന എന്ന അനുഭവസ്ഥനായ സിറിയന്‍ മധ്യനിര താരം അനായാസേനയാണ് അനസ് ഇടത്തോടിക്കയും പ്രീതം കൊട്ടാലും രാഹുല്‍ ഗൈക്വാദും ആശുതോഷ് മേഹ്തയും അടങ്ങിയ ബംഗാളിന്റെ സുശക്തമായ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞത്.

ഇടതു വിങ്ങില്‍ ഖാലിദ് ജമീലിന്റെ പ്രിയങ്കരന്‍ ജയേഷ് റാനെയുടെ അപ്രതീക്ഷിത കൗണ്ടറുകള്‍. ദാന്‍മാവിയയും ബായിയുമായി ചേര്‍ന്ന പങ്കാളിത്തം പന്തിനെ കൂടുതല്‍ സമയം തങ്ങളുടെ ഭാഗത്ത് തന്നെ കാത്തുവച്ചു. രണ്ടു വിങ്ങുകളില്‍ നിന്നും ഇടക്കിടെ പിറന്ന ക്രോസുകള്‍ മഴയില്‍ വഴുക്കി തുടങ്ങിയ ബംഗാള്‍ നിരയെ കൂടുതല്‍ വീഴ്ത്തി. ആദ്യ പകുതി ഐസ്വാളിന്‍റെ അധീനതയില്‍.

രണ്ടാം പകുതിയിലും കളി തിരിച്ചുപിടിക്കാന്‍ ശ്രമിച്ച ബംഗാള്‍ നിര അമ്പേ പരാജയപ്പെട്ടു എന്ന് വേണം പറയാന്‍. 63-ാം മിനിറ്റില്‍ അസറുദ്ദീന്‍ മാലിക്കിനു പകരം വിശ്വസ്ഥനായ പ്രബീര്‍ ദാസിനെ വിളിച്ചുകൊണ്ടു സഞ്ചോയ് സെന്‍ കൊണ്ടുവന്ന മാറ്റം കളിയുടെ ഗതിക്ക് കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. 79-ാം മിനിറ്റില്‍ പ്രബീറിന്‍റെ കാലില്‍ നിന്നും പിറന്ന ഒരു മനോഹരമായ ക്രോസ് കത്സൂമി യൂസ അലക്ഷ്യമായി ഹെഡ് ചെയ്തു കളഞ്ഞത് മിച്ചം.

83-ാം മിനിറ്റില്‍ സിറിയന്‍ താരം എടുത്ത കോര്‍ണര്‍ കിക്ക് സോഹ്മിന്‍ഗ്ലിയാനാ റാല്‍ട്ടേ ഹെഡറിലൂടെ ലക്ഷ്യം കണ്ടത് മുതല്‍ ഐസ്വാളിലെ ആരാധകര്‍ക്ക് ഐ ലീഗ് നേടിയ പ്രതീതി ആയിരുന്നു. തുടര്‍ന്നുള്ള പതിനൊന്നു മിനിറ്റുകളില്‍ സഞ്ചോയ് സെന്‍ തന്‍റെ ആവനാഴിയില്‍ അവശേഷിച്ച എല്ലാ അമ്പുകളും പരീക്ഷിച്ചു എങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

ഇനി ഐസ്വാളിന്റെ മുന്നില്‍ അവശേഷിക്കുന്നത് ഒരേയൊരു കളി മാത്രമാണ്. ദുര്‍ബലരായ ഷില്ലോങ്ങ് ലജോങ്ങിനോട്‌ ജയിക്കുകയോ സമനിലയില്‍ കളി അവസാനിക്കുകയോ ചെയ്യുകയാണ് എങ്കില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐ ലീഗ് നേടുന്ന ആദ്യ ടീമാവും ഐസ്വാള്‍. പക്ഷെ, ഇത് ഫുട്ബാള്‍ ആണ്. ഇവിടെ പ്രവചനങ്ങള്‍ക്ക് ആയുസ്സ് കുറവ്, അട്ടിമറികളില്‍ അത്ഭുതവും. അത് കൊണ്ട് തന്നെ നമുക്ക് അടുത്ത കളിവരെ കാത്തിരിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ