ഐസ്വാള്‍: ഇന്നു രണ്ടു മണിക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ മോഹന്‍ ഭഗാന്‍ ഐസ്വാളിനെ നേരിടും. ഒരേ പോയിന്റുകളോടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും ഇന്നത്തെ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യംവെക്കുന്നില്ല.

ഇരുടീമുകളും ആക്രമോത്സുക ഫുട്ബാളിന്റെ വക്താക്കളാണ്. എന്നാല്‍ ഡിഫന്‍സില്‍ വിശ്വസ്തരായ അനസ് ഇടത്തോടിക്കയും പ്രീതം കോട്ടാലും രാഹുല്‍ ഗയിക്വാദും ഉരുക്കുകോട്ടയാവും എന്നത് നിലവിലെ ചാംപ്യന്മാരായ ബഗാന്‍റെ പ്രതീക്ഷകളെ ഉയര്‍ത്തുന്നു. ലീഗില്‍ ഏറ്റവും കുറവു ഗോളുകള്‍ വഴങ്ങിയ ടീമും ബഗാനാണ്. ഇന്ത്യന്‍ സ്ട്രൈക്കര്‍ ജേജെ ലാല്‍പെഖുവാല ടീമില്‍ തിരിച്ചെത്തിയെന്നാണ് ഐസ്വാളിനെതിരെ സഞ്ചോയ് സെന്‍ വരുത്തിയ ഒരേയൊരു മാറ്റം.

ഹൈത്തി ദേശീയ താരം സണ്ണി നോര്‍ദേയും കൊറിയന്‍ താരമായ കത്സൂമി യൂസയും ഇരു വിങ്ങുകള്‍ക്കും നല്‍കുന്ന വേഗതയില്‍ തന്നെയാവും ബംഗാള്‍ നിരയുടെ കളി തിട്ടപ്പെടുത്തുക. മുന്നില്‍ നിന്നും നയിക്കാന്‍ ലീഗിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ ഡാരല്‍ ഡഫിയും ഐസ്വാളിനെതിരെ നല്ല റെക്കോര്‍ഡ്‌ ഉള്ള ജേജെയും ഉണ്ട് എന്നത് ബഗാന്‍റെ ആക്രമനിരയുടെ ആത്മവിശ്വാസം കൂട്ടുന്നു.

മധ്യനിരയില്‍ മഹാമൂദി അല അമേന നടത്തുന്ന ചരടുവലികളില്‍ ആയിരിക്കും ഐസ്വാളിന്റെ തന്ത്രങ്ങള്‍. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ പ്രവേശിച്ച ഐസ്വാള്‍ എഫ് സി ഒട്ടേറെ മാറ്റത്തോടെയാണ് ഈ വർഷം ലീഗില്‍ വന്നത്. ഖാലിദ് ജമീല്‍ മുംബൈയില്‍ നിന്നും ഐസ്വാളിലേക്ക് കോച്ചായി വന്നതോടെ ഈ ലീഗില്‍ കപ്പ്‌ പ്രതീക്ഷിക്കുന്നവരുടെ മത്സരത്തിലേക്ക് ഐസ്വാളും കടന്ന് വന്നു. ലീഗിലെ വന്‍ തോക്കുകളെയൊക്കെ തോല്‍പ്പിച്ച് കൊണ്ടായിരുന്നു ഐസ്വാളിന്‍റെ മുന്നേറ്റം. ഖാലിദ് ജമീല്‍ മുംബൈയില്‍ നിന്നും ഐസ്വാളിലേക്ക് എത്തിച്ച ജയേഷ് റാണെയും ലാല്‍ദന്‍മാവിയയും വിങ്ങുകളിലൂടെയുള്ള ഐസ്വാളിന്‍റെ അക്രമത്തിനു കരുത്ത് കൂട്ടുമ്പോള്‍ ബായിയും ജാര്യനും ഏതു നിമിഷവും ബഗാന്‍റെ പോസ്റ്റ്‌ കുലുക്കും എന്ന ഭീഷണിയുയര്‍ത്തുന്നു. പ്രതിരോധത്തിലെ പോരായ്മകള്‍ ആണ് ഐസ്വാളിനെ പിന്നോട്ടാക്കുന്ന ഒരേയൊരു ഘടകം.

ഇരു ടീമുകള്‍ക്കും ഇനി ഓരോ കളികളാണ് ബാക്കിയുള്ളത്. ഐസ്വാലിനു ലജോങ്ങുമായും മോഹന്‍ ബഗാനു ചെന്നൈ എഫ് സി യുമായും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല എങ്കില്‍ ഇരു ടീമുകളും അനായാസം ജയിക്കുന്ന കളികളാണ് അത് രണ്ടും. അതുകൊണ്ട് തന്നെ ഇന്നത്ത കളിയാവും ഐ ലീഗിന്‍റെ കപ്പ്‌ ഈ വര്ഷം ആര്‍ക്ക് എന്നു തീരുമാനിക്കുന്നതും. ബഗാന്‍ കപ്പു നിലനിര്‍ത്തുമോ ? അതോ നഷ്ടപെടാനില്ലാത്ത ഐസ്വാള്‍ സംഘം ബഗാന്‍റെ കോട്ടതകര്‍ത്ത് ചരിത്രം സൃഷ്ടിക്കുമോ ?
എന്തിരുന്നാലും, ഒരു ലെയ്സിസസ്റ്റര്‍ സിറ്റി ആവാനുള്ള കെല്‍പ്പുണ്ട് ഐസ്വാലിന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ