കോഴിക്കോട് : ഐ ലീഗിന്‍റെ ആറാം റൗണ്ട് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്സിക്ക് മുന്നില്‍ അടിതെറ്റി ഗോകുലം കേരളാ എഫ്സി. കോഴിക്കോട് നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളുടെ അപ്രമാദിത്വത്തിലാണ് ഐസ്വാള്‍ വിജയം കണ്ടത്.

തുടക്കം മുതല്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് നിന്ന പോരാട്ടത്തില്‍ ഗോകുലം എഫ്സിയുടെ മധ്യനിര താരം ഉസ്മാന്‍ ആഷിക്കും ഐസ്വാളിന്‍റെ ഡേവിഡും ഒന്നിലേറെ തവണ ഗോളിനുള്ള അവസരങ്ങള്‍ ഒരുക്കി.

നാല്പത്തിഅഞ്ചാം മിനുട്ടില്‍ വലതുവിങ്ങില്‍ നിന്നും വന്ന ക്രോസ് സെന്‍റര്‍ ബാക്ക് ഡാനിയേല്‍ അഡോയുടെ കാലില്‍ തട്ടി ആതിഥേയരുടെ പോസ്റ്റിലേക്ക് കയറിയതോടെയാണ് കളിയുടെ ഗതി മാറുന്നത്. നിനക്കാതെ വന്ന സെല്‍ഫ് ഗോള്‍ മുതല്‍ ഗോകുലം എഫ് സിയുടെ ആത്മവിശ്വാസം തകരുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടാം പകുതി ഏഴ് മിനുട്ട് പിന്തുടരുമ്പോഴേക്കും ലാല്‍മൗങ്കിമ ഒരുക്കിയ അവസരത്തില്‍ റൊമാനിയന്‍ താരം ആന്ദ്രെ ലോനെസ്കു രണ്ടാമത്തെ ഗോളും കണ്ടെത്തി. ബോക്സിന് പുറത്ത് നിന്നും ലോനെസ്കു തുടുത്തുവിട്ട പന്ത് കേരളത്തിന്‍റെ ഗോളിയെ മറികടന്നു പോവുകയായിരുന്നു.

പിന്നെയും അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഐസ്വാള്‍ വിജയിച്ചപ്പോള്‍ മുന്നേറ്റനിരയിലേക്ക് പന്തെത്തിച്ചുകൊടുക്കാനാകാതെ തളര്‍ന്ന ഒരു മധ്യനിരയും, ലഭിച്ച പന്തുകള്‍ ലക്ഷ്യത്തിലെത്താത്ത ലോങ് ഷോട്ടുകള്‍ക്ക് മുതിര്‍ന്ന മുന്നേറ്റനിരയും ഐസ്വാളിന്‍റെ വിജയം എളുപ്പമാക്കി.

കളിച്ച ആറുകളികളില്‍ ഒരു വിജയവും ഒരു സമനിലയും കണ്ടെത്തിയ ഗോകുലം കേരളാ എഫ്സി പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍. ആറാം തീയ്യതി മിനര്‍വ പഞ്ചാബ് എഫ് സിയോടാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ