/indian-express-malayalam/media/media_files/Xzv52ptaDS50RJx2uNd4.jpg)
ഫൊട്ടോ: എക്സ്/ ഷാജി പ്രഭാകരൻ
ഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. സംഘടനയോട് വിശ്വാസ വഞ്ചന കാണിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. നവംബർ 7 മുതൽ ജനറൽ സെക്രട്ടറി ഡോ. ഷാജി പ്രഭാകരനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുന്നുവെന്നാണ് എഐഎഫ്എഫ് വ്യക്തമാക്കുന്നത്.
എഐഎഫ്‌എഫ് ഡെപ്യൂട്ടി സെക്രട്ടറിയായ എം സത്യനാരായണൻ എഐഎഫ്‌എഫിന്റെ ആക്ടിങ് സെക്രട്ടറി ജനറലായി പകരം ചുമതലയേൽക്കുമെന്നും ഫെഡറേഷൻ അറിയിച്ചു. എഐഎഫ്‌എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഷാജിയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായിരുന്നുവെന്ന് ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ എ ഹാരിസ് പിടിഐയോട് പറഞ്ഞു. 2022 സെപ്തംബറിലായിരുന്നു ഷാജി പ്രഭാകരൻ എഐഎഫ്എഫ് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാലയളവിലാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ആദ്യ നൂറ് റാങ്കിനുള്ളിൽ ഇടംപിടിച്ചത്.
നവംബർ ആറിന് ഷാജി പ്രഭാകരൻ എക്സിൽ ഒരു വിവാദ കുറിപ്പ് ഇട്ടതാണ് മറ്റു അംഗങ്ങളെ പ്രകോപിപ്പിച്ചത്. സംഘടനയ്ക്കുള്ളിലെ അധികാര തർക്കങ്ങൾ മറനീക്കി പുറത്ത് കൊണ്ടുവരുന്നതായിരുന്നു ഈ കുറിപ്പ്. "അധികാരവും സ്വാധീനവും ഉള്ളപ്പോൾ നാം നമ്മുടെ ഗെയിമിനോട് വിശ്വസ്തത പുലർത്തണം. വ്യക്തിപരമായ താൽപ്പര്യങ്ങളില്ലാതെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ജോലി ചെയ്യാൻ നമ്മുക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
വ്യക്തിപരമായ താൽപ്പര്യങ്ങൾ മനസ്സിലും തീരുമാനങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഫുട്ബോളിനെ മാറ്റിമറിക്കാനും ഇന്ത്യയെ അഭിമാനകരമാക്കാനുമുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. വലിയ വേദികളിൽ ഇന്ത്യ തിളങ്ങുന്നത് കാണുമ്പോൾ അതിലും വലിയ സംതൃപ്തി ജീവിതത്തിൽ മറ്റൊന്നുമില്ല," എന്നായിരുന്നു ഷാജി എക്സിൽ കുറിച്ചത്.
Read More Related News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.