ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കഴിഞ്ഞ സീസണിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സുനിൽ ഛേത്രി തുടർച്ചയായ മൂന്നാം തവണയും മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എമർജിങ് പ്ലെയർ ഓഫ് ദി ഇയറായി മലയാളിയും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹൽ അബ്ദുൾ സമദ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

തുടർച്ചയായി മൂന്നാം തവണയാണ് മികച്ച പുരുഷ താരമായി ഛേത്രി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനോടകം ഏഴ് അവാർഡുകളും താരം സ്വന്തമാക്കി കഴിഞ്ഞു. മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടത് അഷ്‌ലത ദേവിയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനമാണ് സഹൽ അബ്ദുൾ സമാദിനെ അവാർഡിന് അർഹനാക്കിയത്. സീസൺ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച സഹൽ ടീമിലെ സ്ഥിര സാനിധ്യമായി മാറികൊണ്ടിരിക്കുകയാണ്. മണിപ്പൂരിന്റെ ഡാങ്ക്മേ ഗ്രേസാണ് മികച്ച വനിത യുവതാരം.

കേരളത്തിൽ നിന്ന് മറ്റൊരു പുരസ്കാരം കൂടിയുണ്ട്. മികച്ച അസിസ്റ്റന്റ് റഫറിക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് മലയാളിയായ ജോസഫ് ടോണിക്കാണ്.

എഐഎഫ്എഫ് പുരസ്കാരങ്ങൾ

1. ഗ്രാസ്റൂട്ട് ഡവലപ്മെന്റ് പ്രോഗ്രാം – ജമ്മു കാശ്മീർ ഫുട്ബോൾ അസോസിയേഷൻ

2. അസിസ്റ്റന്റ് റഫറി – ജോസഫ് ടോണി ( കേരള )

3. എമർജിങ് പ്ലെയർ ഓഫ് ദി ഇയർ (വനിത) – ഡാങ്ക്മേ ഗ്രേസ്

4. എമർജിങ് പ്ലെയർ ഓഫ് ദി ഇയർ (പുരുഷൻ) – സഹൽ അബ്ദുൾ സമദ്

5. ഫുട്ബോളർ ഓഫ് ദി ഇയർ (വനിത) – അഷ്‌ലത ദേവി

6. ഫുട്ബോളർ ഓഫ് ദി ഇയർ (പുരുഷൻ) – സുനിൽ ഛേത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook