ജൊഹന്നാസ്ബർഗ്: വിവാദങ്ങളുടെ കുത്തൊഴുക്കാണ് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് സീരീസിൽ ഉണ്ടായത്. വാർണറും ഡികോക്കും തമ്മിലുളള വാക്പോരിൽ ആരംഭിച്ച വിവാദം ഒടുവിൽ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും വിലക്കിലാണ് ചെന്നുനിൽക്കുന്നത്.

പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ ആധിപത്യം തുടരുകയാണ്. നാലാമത്തെയും അവസാന ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിച്ചപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 313 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ബോളിംഗ് മികച്ച സ്കോറായി ഇതിനെ കാണണം. മർക്ക്രാം നേടിയ 152 റൺസാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിന് കരുത്തായത്.

മികച്ച ഇന്നിംഗ്സ് കാഴ്ചവച്ച മർക്രാമിന് ക്രിക്കറ്റ് ലോകത്ത് പലയിടത്ത് നിന്നും അഭിനന്ദനം കിട്ടി. എന്നാൽ ഏറ്റവും പ്രത്യേകതയുളള അഭിനന്ദനമായി അദ്ദേഹത്തിന് തോന്നിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അഭിനന്ദനമാണ്. രണ്ട് സ്മൈലികൾ മാത്രമാണ് എയ്‌ഡൻ മർക്രാമിന്റെ പേരിനൊപ്പം ട്വീറ്റിൽ ഇന്ത്യൻ നായകൻ കുറിച്ചത്.

എന്നാൽ വിരാട് കോഹ്ലിയുടെ ട്വീറ്റ് പ്രത്യേക അനുഭവമാണെന്നാണ് എയ്‌ഡൻ മർക്രാം പറഞ്ഞത്. “ഇതേറെ പ്രത്യേകതയുളള അനുഭവമാണ്. എന്നെക്കാൾ മുതിർന്ന കളിക്കാരിൽ ചിലരുടെ കളി ഞാൻ ഗൗരവത്തോടെ നോക്കാറുണ്ട്. അവരിലൊരാളാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ മത്സരബുദ്ധി അംഗീകരിക്കേണ്ടതും റൺ സ്കോർ ചെയ്യാനുളള കഴിവ് ഞാൻ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമാണ്,” ഐസിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് പരമ്പരയിൽ 2-1 ന് മുന്നിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റും തങ്ങൾക്കനുകൂലമാക്കി പരമ്പര വിജയം നേടാനുളള ശ്രമത്തിലാണ്. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും ഒഴിവ് അവർക്ക് കൂടുതൽ കരുത്തേകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook