തിരുവനന്തപുരം : ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ താരം സി കെ വിനീതിനെതിരെ എജീസ്‌ ഓഫീസ്‌ നടപടിയെടുക്കുന്നു. എജീസ്‌ ഓഫീസില്‍ സ്പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിച്ച സി കെ വിനീത് കുറച്ചുകാലമായി അവധിയിലാണ്. അവധിയിലായിരുന്ന കാലയിളവിലും ദേശീയ ടീമിലും ബെംഗളൂരു എഫ്‌സിക്കും കേരളാബ്ലാസ്റ്റര്‍സിനും വേണ്ടി പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കുകയായിരുന്നു വിനീത്.

“2012 മുതല്‍ ഞാന്‍ ഏജീസിന്‍റെ സ്റ്റാഫ് ആണ്. അന്ന് മുതല്‍ ഏജീസിനു വേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം മാത്രമാണ് എജീസ്‌ ഓഫീസില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുന്നത്. പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കുന്ന സമയത്ത് അതൊഴിവാക്കികൊണ്ടും എജീസിന്‍റെ കളിക്കായി പോയിട്ടുമുണ്ട്. ദേശീയ ടീമില്‍ കളിക്കുന്ന സമയത്തു മാത്രമാണ് എജീസിന്‍റെ കളികളില്‍ നിന്നും വിട്ടുന്നില്‍ക്കേണ്ടി വന്നത്. ” സി കെ വിനീത് പറയുന്നു.

ഓഫീസില്‍ പോവുന്നില്ല എന്നതിനാലാണ് തനിക്കെതിരെ നടപടി എന്ന് വിനീത് പറയുന്നു. “കായിക രംഗത്തു തുടരുക. അത് കഴിഞ്ഞുള്ള കാലം സര്‍ക്കാര്‍ ജോലി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് തന്നെപോലുള്ള താരങ്ങള്‍ സര്‍വ്വീസ് ടീമുകളിലേക്ക് കയറുന്നത്. എന്നാല്‍ മിക്കവാറുംപേര്‍ ശേഷം കാലം സര്‍വ്വീസില്‍ മാത്രം കളിക്കേണ്ടിവരുന്നു. പ്രൊഫഷണലായി കളിക്കുക എന്നതും പ്രൊഫഷണലായി വളരുക എന്നതും ഇത്തരത്തിലുള്ള കളിക്കാര്‍ക്ക്‌ പറ്റാതാവുന്നു” വിനീത് പറയുന്നു.

“ഞാന്‍ ഒരു ഫുട്ബാള്‍ കളിക്കാരനാണ്. എന്നെ സംബന്ധിച്ച് കളിക്കുക എന്നതാണ് പ്രധാനം. കളിക്കാതെ ഓഫീസിലും പോയി ഇരുന്ന് എന്‍റെ കരിയര്‍ നശിപ്പിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല” വിനീത് പറയുന്നു.

വിവിധ സര്‍ക്കാര്‍സര്‍വീസുകളിലായി കയറിയിട്ടുള്ള കളിക്കാർ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രൊഫഷണല്‍ ഫുട്ബാളില്‍ സജ്ജീവമായുണ്ട്. “മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളിലും ഒക്കെ കളിക്കുന്ന ഒട്ടനവധിപേര്‍ സര്‍വ്വീസില്‍ ഉള്ളവരാണ്. അര്‍ക്ക് അവിടെ തന്നെ പ്രൊഫഷണല്‍ ക്ലബ് ഉണ്ട് എന്നത് അവരെ സംബന്ധിച്ച് കാര്യങ്ങളെ എളുപ്പമാക്കുന്നു. കേരളത്തില്‍ നിന്നുള്ള ഒരു കളിക്കാരന്‍റെ ജീവിതം എപ്പോഴും തുലാസ്സിലാണ്. ഒരു പ്രൊഫഷണല്‍ ക്ലബ് പോലുമില്ലാത്ത കേരളത്തില്‍ നിന്നും പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടാണ്. സര്‍വീസ് സംഘടനകളിലെ ജോലി അവര്‍ക്കൊരു മുതല്‍കൂട്ടാണ്. എന്നാല്‍ പല സാങ്കേതിക പ്രശ്നങ്ങളും അവരെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിയിടുന്നു” ‘ഫുട്ബാള്‍ ന്യൂസ് ഇന്ത്യ’യുടെ ഉണ്ണി പറവന്നൂര്‍ പറയുന്നു.

കളി കഴിഞ്ഞുള്ള കാലത്തും സ്ഥിരവരുമാനം എന്ന നിലയിലാണ് മിക്കവാറും കായികതാരങ്ങളും സര്‍വീസില്‍ കയറുന്നത്. എന്നാല്‍ സര്‍വ്വീസിലെ സാങ്കേതികതകള്‍ കളിക്കാരെ പലരീതിയിലും ബാധിക്കുന്ന സ്ഥിതിവിശേഷം ആണ് നിലവിലുള്ളത്. “കളി കഴിഞ്ഞുള്ള കാലത്ത് സ്ഥിരവേദനമുള്ള ഒരു ജോലി വേണം എന്ന് തന്നെയാണ് തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. എന്നാല്‍ ജോലിക്കായി കളി നിര്‍ത്താന്‍ തയ്യാറുമല്ല. ഇത് എന്നെ മാത്രമല്ല, വളര്‍ന്നു വരുന്ന എല്ലാ കായിക താരങ്ങളേയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്” വിനീത് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook