സൂറിച്ച്: ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ ബ്രസീലിന് ഒന്നാം സ്ഥാനം. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ സെമിയിൽ തകർന്നടിഞ്ഞ മഞ്ഞപ്പട ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തുടർ വിജയങ്ങളുടെ കരുത്തിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചിരവൈരികളായ അർജന്റീനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബ്രസീലിന്രെ കുതിപ്പ്. ലോകചാംപ്യൻമാരായ ജർമനിയാണ് മൂന്നാം സ്ഥാനത്ത്. ലാറ്റിൻ അമേരിക്കൻ ശക്തികളായ ചിലി നാലാം സ്ഥാനത്തും കൊളംബിയ അഞ്ചാം സ്ഥാനത്തുമാണ്.

2018 ലെ റഷ്യൻ ലോകകപ്പിനായുള്ള യോഗ്യത മത്സരങ്ങളിൽ നേടിയ തുടർ വിജയങ്ങളാണ് ബ്രസീലിന് തുണയായത്. 14 മത്സരങ്ങളിൽ നിന്ന് 10 വിജയവും ഒരു സമനിലയും, മൂന്നു തോൽവികളുമാണ് ബ്രസീലിന്റെ സമ്പാദ്യം. പുതിയ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ കീഴില്‍ ഒന്‍പത് മത്സരങ്ങളില്‍ ജയം ബ്രസീലിനൊപ്പമായിരുന്നു. ഈ കളികളില്‍ 25 ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ മാത്രം വഴങ്ങുകയുമാണ് ബ്രസീല്‍ ചെയ്തിട്ടുള്ളത്. ജയങ്ങളുടെ ബലത്തില്‍ അടുത്ത ലോകക്കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍ മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബൊളീവയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ അർജന്റീനയുടെ ലോകകപ്പ് യോഗ്യതയും തുലാസിലാണ്. 14 മത്സരങ്ങളിൽ നിന്ന് 6 ജയവും 4 തോൽവിയും 4 സമനിലയുമാണ് അർജന്രീനയുടെ സമ്പാദ്യം. 22 പോയിന്റുമായി ലാറ്റിൻ അമേരിക്കൻ യോഗ്യത പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അർജന്രീന. 4 മത്സരങ്ങളിൽ വിലക്ക് നേരിടുന്ന സൂപ്പർ താരം ലിയണൽ മെസിയുടെ അഭാവം അർജന്രീയെ സാരമായി ബാധിച്ചിരിക്കുകയാണ് എന്ന് ചുരുക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook