ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അദ്ദേഹത്തിന്റെ ബാറ്റ് സമ്മാനിച്ചു. ഷാഹിദ് അഫ്രിദി ഫൌണ്ടേഷനിലേക്ക് സംഭാവനയായാണ് വിരാട് ബാറ്റ് നല്‍കിയത്. സ്വന്തം ഒപ്പ് രേഖപ്പെടുത്തിയ ബാറ്റാണ് സമ്മാനിച്ചത്.

അഫ്രീദിയുടെ സന്നദ്ധ സംഘടനയുടെ ഫണ്ട് ശേഖരണാര്‍ഥം ലേലം ചെയ്യാനായിരുന്നു ഈ ബാറ്റ്. കോഹ്ലിക്ക് നന്ദി അറിയിച്ച് പിന്നീട് അഫ്രിദി ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഇതിന് മണിക്കൂറുകള്‍ക്കകം മറുപടി ട്വീറ്റുമായി കോഹ്ലി രംഗത്തെത്തുകയും ചെയ്തു. സംഘടനയ്ക്കും അഫ്രിദിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നതായി കോഹ്ലി കുറിച്ചു.

ഇംഗ്ലണ്ടിലായിരിക്കും അഫ്രീദിയുടെ ഫൌണ്ടേഷന്‍ കൊഹ്‍ലിയുടെ ഒപ്പുള്ള ബാറ്റ് ലേലത്തിന് വെക്കുക. സിന്ധ് പ്രവിശ്യയിലെ തര്‍പാകറില്‍ പുതിയൊരു ആശുപത്രി നിര്‍മിക്കാനാണ് ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക വിനിയോഗിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അന്ന് കോഹ്ലിയുടെ ജഴ്സി അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഒപ്പുകളോട് കൂടിയ ജഴ്സിയാണ് അന്ന് നല്‍കിയത്.

ടീഷര്‍ട്ട് ലണ്ടനില്‍ വെച്ച് ലേലത്തിന് വെച്ച് അന്ന് മൂന്ന് ലക്ഷം രൂപയും ലഭിച്ചിരുന്നു. ‘നിങ്ങള്‍ക്ക് എതിരെ കളിക്കാന്‍ എന്നും സന്തോഷമാണ് സഹോദരാ’ എന്ന വാചകങ്ങള്‍ ടീഷര്‍ട്ടില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കുറിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ