ഗോൾഡ്കോസ്റ്റ്: ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ ബാഡ്മിന്റൺ താരം കിടംബി ശ്രീകാന്ത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടത്തിന് അരികെ എത്തിയിരിക്കുകയാണ് താരം. കോമൺവെൽത്ത് ഗെയിംസിലെ പുരുഷ സിംഗിൾസിൽ സ്വർണ്ണം നേടാൻ കഴിഞ്ഞാൽ ശ്രീകാന്തിന് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. നേരത്തെ ടീമിനത്തിൽ ശ്രീകാന്ത് അടങ്ങുന്ന ഇന്ത്യൻ ടീം സ്വർണ്ണം നേടിയിരുന്നു.

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ റാങ്കിങ്ങിൽ 76895 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കിടംബി ശ്രീകാന്ത്. 77130 പോയിന്റുളള ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനാണ് ഒന്നാം സ്ഥാനത്ത് ഉളളത്. റാങ്കിങ്ങിൽ ആദ്യ പത്തിൽ മറ്റ് ഇന്ത്യക്കാരൊന്നുമില്ല. മലയാളി താരം എച്ച്.എസ് പ്രണോയി 12 ആം സ്ഥാനത്താണ് ഉളളത്. സായി പ്രണീത് 15 ആം സ്ഥാനത്തുമാണ്.

ഗോൾഡ് കോസ്റ്റിലെ ബാഡ്മിന്റൺ ടീം മത്സരത്തിൽ ഇന്ത്യക്കായി ശ്രീകാന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിലെ പുരുഷ സിംഗിൾസിൽ മലേഷ്യൻ താരം ലീ ചോങ് വെയെ തോൽപ്പിച്ചാണ് കിടാംമ്പി കരുത്ത് കാട്ടിയത്. നേരിട്ടുളള​ സെറ്റുകൾക്കാണ് ശ്രീകാന്ത് ഇതിഹാസ താരത്തെ തോൽപ്പിച്ചത്.

കഴിഞ്ഞ സീസണിൽ 4 സൂപ്പർ സീരിയസ് കിരീടങ്ങളാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. ഇന്ത്യോനേഷ്യ,ഓസ്ട്രേലിയ,ഡെൻമാർക്ക്, ഫ്രഞ്ച് എന്നീ സൂപ്പർ സീരിയസ് മത്സരങ്ങളിലാണ് ഇന്ത്യൻ താരം കപ്പ് ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ