അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ഓരോ തവണ ബാറ്റെന്തുമ്പോഴും ഓരോ റെക്കോർഡ് തിരുത്തിയാണ് കോഹ്‍ലിയുടെ മുന്നേറ്റം. ധോണിക്ക് ശേഷം ഇന്ത്യയുടെ നായകനായും കോഹ്‍ലി തിളങ്ങി. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‍ലി നിരവധി പരമ്പര വിജയങ്ങളും ഇന്ത്യക്ക് സമ്മാനിച്ചു.
എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‍ലി ഇനിയും ഒരുപാട് വളരാൻ ഉണ്ടെന്നാണ് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ പക്ഷം. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഫ്രീദി കോഹ്‍ലിയുടെ നായകസ്ഥാനത്തെ കുറിച്ച് വാചാലനായത്.
“അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്രെ ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാനാണ് വിരാട് കോഹ്‍ലി. എന്നാൽ നായകനെന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ ഇനിയും കോഹ്‍ലി ധോണിയിൽ നിന്ന് പഠിക്കാനുണ്ട്. എന്നെ സംബന്ധിച്ചടുത്തോളം ധോണി തന്നെയാണ് ഏറ്റവും മികച്ച നായകൻ,”അഫ്രീദി പറഞ്ഞു.
ഇന്ത്യക്ക് ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സമ്മാനിച്ച നായകനാണ് ധോണി. പ്രഥമ ടി20 ലോകകപ്പ് ഇന്ത്യയിൽ എത്തിച്ചുകൊണ്ടാണ് ധോണി നായകസ്ഥാനം ഉറപ്പിക്കുന്നത്. പിന്നീട് മൂന്ന് ഫോർമാറ്റിലും ധോണിക്ക് കീഴിൽ ഇന്ത്യയുടെ തേരോട്ടമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് എംഎസ് എന്ന ‘തല’.