ബെനിൻ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഈജിപ്തിനെ കാമറൂൺ നേരിടും. സെമിയിൽ വന്പന്മാരായ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാമറൂൺ ഫെനൽ ബർത്ത് ഉറപ്പിച്ചത്.
ഏഴ് തവണ മുൻപ് കിരീടം നേടിയ ടീമാണ് ഈജിപ്‌ത്. മൂന്ന് തവണ ജേതാക്കളായ കാമറൂൺ മുൻപ് രണ്ട് തവണ ഫൈനലിൽ ഈതിപ്തിനെ നേരിട്ടപ്പോൾ പരാജയപ്പെട്ടിരുന്നു, ഞായറാഴ്ച രാത്രി 12.30 നാണ് ഫൈനൽ.
കളിയുടെ 72മത്തെ മിനിറ്റിലാണ് ആദ്യത്തെ ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിന് അരികിൽ കിട്ടിയ ഫ്രീ കിക്ക് ഘാനയുടെ പ്രതിരോധ താരത്തിന്റെ ചുമലിൽ തട്ടി കാമറൂൺ താരം എൻഗഡുയിയ്‌ക്ക് ലഭിച്ചു. ഉടൻ തന്നെ ഗോൾ വല ലക്ഷ്യമാക്കി പന്ത് തൊടുത്ത താരം കാമറൂണിന് ലീഡ് സമ്മാനിക്കുകയായിരുന്നു,
ആക്രമിച്ച് കളിച്ച ഘാനയ്ക്ക് ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ വീണ്ടും തിരിച്ചടി കിട്ടി. ഗോൾ ലക്ഷ്യമിട്ട് മുഴുവൻ താരങ്ങളും കാമറൂൺ ഹാഫിൽ നിൽക്കെ പ്രതയാക്രമണത്തിന് ലഭിച്ച അവസരം കാമറൂൺ താരങ്ങൾ മുതലാക്കുകയായിരുന്നു. അബൂബക്കറിൽ നിന്ന് ലഭിച്ച പന്തുമായി ഒറ്റയ്‌ക്ക് മുന്നേറിയ ബാസ്സോഗോഗ് ഘാന ഗോളിയെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് അടിച്ച് കയറ്റുകയായിരുന്നു.