കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ദേശീയ ടീം അംഗമായ ഷഫീഖുളള ഷഫഖിന് ട്വന്റി20 മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടം. അഫ്ഗാനിസ്ഥാനിലെ പാരഗണ്‍ നന്‍ഗര്‍ഹര്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് വെറു 71 പന്തില്‍ 214 റണ്‍സ് അടിച്ചുകൂട്ടി ഷഫഖിന്റെ നേട്ടം. പ്രാദേശിക ട്വന്റി 20 മത്സരത്തില്‍ ഖത്തീസ് ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയാണ് ഷഫീഖുളള പാഡ് കെട്ടിയത്.

21 സിക്സുകളുടേയും 16 ഫോറുകളുടേയും അകമ്പടിയോടെയാണ് താരത്തിന്റെ നേട്ടം. കാബൂള്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ടീമിനെതിരെ 20 ഓവറില്‍ 351 റണ്‍സാണ് ഖത്തീസ് ടീം നേടിയത്. ഷഫീഖുളളയുടെ സഹോദരനായ വഹീദുളള ഷഫഖ് 31 പന്തില്‍ 81 റണ്‍സ് നേടി മികച്ച പിന്തുണയും നല്‍കി. വഹീദുളള അഫ്ഗാനിസ്ഥാന്‍ ജൂനിയര്​‍ ടീമിലും എ ടീമിലും കളിച്ചിട്ടുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍ ക്രിക്കറ്റ് 107 റണ്‍സിന് മുഴുവന്‍ പേരും പുറത്തായി. 244 റണ്‍സിന്റെ കൂറ്റന്‍ സകോറിനാണ് ഖത്തീസിന്റെ വിജയം. സഹോദരനോടൊപ്പം ഇത്രയും നല്ലൊരു ഇന്നിംഗ്സ് നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഷഫീഖുളള വ്യക്തമാക്കി. മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

നവമാധ്യമങ്ങളിലും ഷഫീഖുളളയ്ക്ക് പിന്തുണയും അഭിനന്ദനുവായി ആരാധകരെത്തി. 2012,2014,2016 വര്‍ഷങ്ങളില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ട്വന്റി 20 ലോകകപ്പില്‍ ഷഫീഖുളള കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook