അബുദാബി: ഇന്ത്യയും ബംഗ്ലാദേശും ദുബായില്‍ ഏറ്റുമുട്ടുമ്പോള്‍ അപ്പുറത്ത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കൊമ്പുകോര്‍ക്കുകയായിരുന്നു. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു അബുദാബിയില്‍ അരങ്ങേറിയത്. ഇന്ത്യയുടെ കളി ഏറെക്കുറെ ഏകപക്ഷീയമായിരുന്നുവെങ്കില്‍ ഇവിടെ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം.

ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് മൂന്നു വിക്കറ്റ് ജയം. അഫ്ഗാന്റെ 258 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ മൂന്നു പന്തുകള്‍ ശേഷിക്കെയാണ് വിജയം കണ്ടത്. കളി കണ്ട ആരാധകരുടെ മനസില്‍ ജയിച്ച് നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. അനുഭവ സമ്പത്തും ആവേശവും മുഖാമുഖം വന്നപ്പോള്‍ അനുഭവ സമ്പത്ത് ജയിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പരാജയ ഭീതി പുലര്‍ത്തിയ പാക്കിസ്ഥാനെ ഷൊയ്ബ് മാലിക്കിന്റെ ബാറ്റിങ്ങാണ് വിജയത്തിലേക്ക് നയിച്ചത്. 51 റണ്‍സെടുത്ത് മാലിക്ക് പുറത്താകാതെ നിന്നു. ഇമാം ഉള്‍ ഹഖ് (80), ബാബര്‍ അസം (66) എന്നിവരുടെ ബാറ്റിങ് പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് എടുത്തത്. 118 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്ത ഹഷ്മത്തുള്ള ഷാഹിദിയുടെയും 56 പന്തില്‍ 67 റണ്‍സെടുത്ത നായകന്‍ അസ്ഗര്‍ അഫ്ഗാന്റെയും ബാറ്റിങ്ങാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ