ഡെഹ്‌റാഡൂണ്‍: ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. അയര്‍ലൻഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ജയിക്കാനായി 147 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാനെ വിജയത്തിലെത്തിച്ചത് റഹ്മത്ത് ഷായുടേയും ഇഹ്‌സാനുള്ള ജനത്തിന്റേയും 100 റണ്‍സിന്റെ കൂട്ടുകെട്ടാണ്. തങ്ങളുടെ രണ്ടാമത്തെ മാത്രം ടെസ്റ്റിലാണ് അഫ്ഗാന്‍ ചരിത്ര വിജയം നേടിയത്. ആദ്യ ടെസ്റ്റ് ഇന്ത്യക്കെതിരെയായിരുന്നു. എന്നാല്‍ വിജയിക്കാന്‍ സാധിച്ചില്ല.

Read More: നാല് പന്ത്, നാല് വിക്കറ്റ്; റാഷിദിന്റെ മാജിക്ക് ഷോ തുടരുന്നു, കണ്ണ് ചിമ്മാതെ ലോകം

നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ അഫ്ഗാന് വേണ്ടിയിരുന്നത് 118 റണ്‍സും അയര്‍ലൻഡിന് വേണ്ടിയിരുന്നത് ഒമ്പത് വിക്കറ്റുമായിരുന്നു. എന്നാല്‍ സെന്‍സിബിളായി ബാറ്റ് ചെയ്ത അഫ്ഗാന്‍ വിജയത്തിലേക്ക് അനായാസം കയറി വന്നു. പ്രതിരോധിക്കുകയും അക്രമിക്കുകയും ഒരുപോലെ ചെയ്താണ് അഫ്ഗാന്‍ താരങ്ങള്‍ ബാറ്റ് ചെയ്തത്. ചരിത്ര വിജയം മുന്നിലെത്തി നില്‍ക്കുന്നതിന്റെ ആവേശത്തിന് ആരും കീഴ്‌പ്പെട്ടില്ല. രണ്ടാം അര്‍ധ സെഞ്ചുറി നേടിയ ഷായാണ് ബാറ്റിങ്ങിലെ താരം. മറുവശത്ത് ജനത് മികച്ച പിന്തുണ നല്‍കി. മുഹമ്മദ് ഷഹ്‌സാദിനെ നേരത്തെ തന്നെ അഫ്ഗാന് നഷ്ടമായിരുന്നു.

അതേസമയം, കളി നേരത്തെ തന്നെ അഫ്ഗാന്റെ വരുതിയിലാക്കിയത് ബോളര്‍മാരാണ്. ഏഴ് വിക്കറ്റാണ് ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സിലെ റാഷിദിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ജയം ഉറപ്പിക്കുന്നതായിരുന്നു. ആറ് വിക്കറ്റുമായി യമിന്‍ അഹ്മദ്‌സായി റാഷിദിന് ഒപ്പം നിന്നതോടെ അഫ്ഗാന് മുന്നിലെ ലക്ഷ്യം ചെറുതായി മാറി.

Also Read: ഏറ്റവും മികച്ച നാല് ബോളർമാരിൽ രണ്ട് പേർ ഇന്ത്യക്കാർ: റാഷിദ് ഖാൻ

അവസാന നിമിഷത്തെ ആവേശം മൂലം റഹ്മത്തും നബിയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ് നിരാശയായി. ഒടുവില്‍ ഷഹീദിയാണ് വിജയ റണ്‍ നേടിയത്. ബൗണ്ടറിയിലൂടെയാണ് താരം അഫ്ഗാനെ മറുകരയിലെത്തിച്ചത്. നേരത്തെ അയര്‍ലൻഡിനെതിരെ ടി20 പരമ്പര 2-0 അഫ്ഗാന്‍ ജയിച്ചിരുന്നു. അതേസമയം, ഏകദിന പരമ്പര 2-2 ന് സമനിലയില്‍ പിരിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ