ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടാം ക്വാളിഫെയറില്‍ തോല്‍പ്പിച്ചായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലിലെത്തിയത്. ചെന്നൈയായിരുന്നു ഫൈനലില്‍ ഹൈദരാബാദിനെ കാത്തിരുന്നത്. കൊല്‍ക്കത്തയ്ക്കെതിരെ വിജയം നേടുമ്പോള്‍ കൗമാര താരം റാഷിദ് ഖാന്‍ ആയിരുന്നു വിജയശില്‍പ്പി. 10 ബോളില്‍ 34 റണ്‍സ് അടിച്ചുകൂട്ടുകയും 3 വിക്കറ്റ് നേടുകയും ചെയ്തു അദ്ദേഹം.

175 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 161 റണ്‍സ് എടുക്കാനേ ആയുള്ളൂ. ഓപ്പണറായെത്തിയ വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35), ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. ഇരുവരും പുറത്തായശേഷം തകര്‍ച്ച നേരിട്ട ഹൈദരാബാദിനെ അവസാന ഓവറുകളില്‍ 10 പന്തില്‍ രണ്ടു ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത റാഷിദ് ഖാന്റെ പ്രകടനമാണ് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

മൽസരത്തിന് പിന്നാലെ ഹൈദരാബാദ് താരങ്ങള്‍ ആഘോഷത്തിലേക്കാണ് കടന്നത്. കേക്ക് മുറിച്ചും ഷാംപെയ്‍ന്‍ ഒഴുക്കിയും ആഘോഷം ഗംഭീരമാക്കി. എന്നാല്‍ തനിക്ക് നേരെ നീട്ടിയ ഷാംപെയ്‍ന്‍ റാഷിദ് ഖാന്‍ നിരസിച്ച വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മദ്യം ഇസ്‌ലാമില്‍ നിഷിദ്ധമായത് കൊണ്ടാണ് അദ്ദേഹം മദ്യം നിരസിച്ചത്, കൂടാതെ റമദാന്‍ മാസമായതു കൊണ്ടും. അദ്ദേഹം ഞെട്ടലോടെയാണ് മദ്യം നിരസിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മതവിശ്വാസത്തെ ബഹുമാനത്തോടെയാണ് റാഷിദ് കാണുന്നതെന്ന് ആരാധകര്‍ സോഷ്യൽ മീഡിയയില്‍ കുറിച്ചു. ഇതിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

അഫ്ഗാനു വേണ്ടി 2 വർഷങ്ങൾക്കു മുൻപ്‌ റാഷിദ്‌ ഖാൻ കളത്തിലിറങ്ങുമ്പോൾ മണ്ണിൽ നിന്നു പതിയെ ഉയർന്നു തുടങ്ങിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ എന്ന ചെറു ചെടിയിൽ നാമ്പിട്ട ചെറു മുകുളങ്ങളിലൊന്നു മാത്രമായിരുന്നു.

ക്രിക്കറ്റ്‌ എന്ന പുതുരണഭൂമിയിൽ ആ കൗമാരക്കാരനും പൊരുതി തുടങ്ങി. തുടക്കക്കാരന്റെ പതർച്ചയില്ലാതെ തന്റെ പ്രായത്തിനെ വെല്ലുന്ന പ്രകടനങ്ങൾ തുടർന്ന റാഷിദ്‌ ഖാനെ ക്രിക്കറ്റ്‌ ലോകം ശ്രദ്ധിച്ചു തുടങ്ങി, ഒടുവിൽ അയർലൻഡിനെതിരെ ഒരു ടി ട്വിന്റി മൽസരത്തിൽ വെറും 3 റൺസ്‌ വഴങ്ങി 5 വിക്കറ്റ്‌ നേടിയതോടെ ലോകത്തെ ഏതൊരു ടി ട്വിന്റി മാർക്കറ്റിലും പൊന്നും വിലക്ക്‌ വിറ്റു പോവുന്ന പ്ലേയറായി മാറി റാഷിദ്‌ ഖാൻ.

ആ പ്രകടനത്തിന്റെ പ്രതിഫലനമെന്നോണം 4 കോടി എന്ന കൂറ്റൻ തുകയ്ക്ക്‌ റാഷിദ്‌ ഖാനെ കഴിഞ്ഞ സീസണില്‍ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ്‌ ഹൈദരാബാദ്‌ റാഞ്ചി, അങ്ങനെ ഐപിഎൽ കളിക്കുന്ന ആദ്യ അഫ്ഗാൻ കളിക്കാരനുമായി മാറി റാഷിദ്‌ ഖാൻ.

തന്റെ കഴിവ്‌ ലോകത്തെ അറിയിക്കാൻ ലഭിച്ച ഏറ്റവും മികച്ച വേദിയിൽ കോടി കണക്കിനു കണ്ണുകൾക്കു മുന്നിൽ അവൻ താൻ വായിക്കുന്ന ട്യൂണുകൾക്കനുസരിച്ച്‌ ബാറ്റ്സ്മാനെ നൃത്തം ചെയ്യിപ്പിച്ചു. ബാറ്റ്സ്മാന്മാരുടെ പറുദീസയിൽ അസാധാരണമായ കണക്കുകളുമായാണു റാഷിദ്‌ ടൂർണമെന്റവസാനിപ്പിച്ചത്‌. 14 കളികളിൽ നിന്നായി 6.62 എക്കോണമിയിൽ 17 വിക്കറ്റുകൾ, തന്മൂലം ഈ സീസണിൽ റാഷിദ്‌ ഖാന്റെ വില ഇരട്ടിയലധികമായുയർന്നു, 9 കോടി രൂപക്കാണു സൺറൈസേഴ്സിനായി ഈ കൊല്ലം റാഷിദ്‌ കളത്തിലിറങ്ങിയത്. ഇന്ന് ലോകത്തെ ഏകദേശം എല്ലാ പ്രമുഖ ടി ട്വിന്റി ടൂർണമെന്റുകളിലും റാഷിദ്‌ ഖാൻ കളിക്കുന്നുണ്ട്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook