ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയതോടെ അഫ്ഗാനിസ്ഥാന്‍ ടീം ക്യാംപില്‍ മുമ്പെങ്ങും ഇല്ലാത്തവിധം ആഘോഷം. 2019 മെയ് 30ന് തുടങ്ങുന്ന ലോകകപ്പ് മത്സരങ്ങളില്‍ 10 ടീമുകളില്‍ ഒന്നായാണ് അഫ്ഗാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് എന്നിവരാണ് മറ്റ് ടീമുകള്‍. മൈതാനത്ത് നിന്ന് തുടങ്ങിയ ആഘോഷം ഡ്രെസിംഗ് റൂമില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും നീണ്ടു.

‘വി ആര്‍ ഇന്‍’ എന്ന വിളികളോടെ റാഷിദ് ഖാന്റെ നേതൃത്വത്തിലുളള ടീം ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ തെരുവുകളിലും ടീമിന്റെ ലോകകപ്പ് പ്രവേശം ആഘോഷിക്കപ്പെട്ടു. ടീമിന് പിന്തുണ അറിയിച്ച് രാജ്യത്ത് ുടനീളം ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.
അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് അഫ്ഗാന്‍ ക്രിക്കറ്റ് ലോക മാമാങ്കത്തിന് കച്ചമുറുക്കുന്നത്. സിംബാബ്‍വെയില്‍ നടന്ന നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെ നാടകീയ പോരാട്ടത്തിലൂടെ അഫ്ഗാന്‍ കീഴ്പ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ കെട്ടിപ്പൊക്കിയ 210 റണ്‍സിന്‍റെ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ മറികടന്നു. ഇതോടെ വെസ്റ്റിന്‍ഡീസിന് ശേഷം യോഗ്യതാ റൌണ്ടില്‍ നിന്ന് ലോകകപ്പിന് ടിക്കറ്റെടുക്കുന്ന ടീമായി അഫ്ഗാന്‍.

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ ആയുസ് 50 റണ്‍സിലും മുകളില്‍. എന്നാല്‍ 20 റണ്‍സെടുത്ത നായകന്‍ പോര്‍ട്ടര്‍ഫീല്‍ഡ്, മുഹമ്മദ് നബിയുടെ പന്തില്‍ പുറത്തായതോടെ വിക്കറ്റ് വീഴ്ചക്ക് നിശ്ചിത ഇടവേളയുടെ താളമായി. 55 റണ്‍സെടുത്ത സ്റ്റിര്‍ലിങും 36 റണ്‍സെടുത്ത നിയല്‍ ഒബ്രെയനും 41 റണ്‍സെടുത്ത കെവിന്‍ ഒബ്രെയനും തകര്‍ച്ചയുടെ വക്കില്‍നിന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതുകൊണ്ട് മാത്രം സ്കോര്‍ 200 കടന്നു. റാഷിദ് ഖാന്‍ മൂന്നു വിക്കറ്റും സദ്രാന്‍ രണ്ടു വിക്കറ്റും വീഴ്‍ത്തി അഫ്ഗാന്‍ ബോളിങ് ആക്രമണത്തിന് കടിഞ്ഞാണ്‍ പിടിച്ചപ്പോള്‍ അയര്‍ലന്‍ഡ് ഏഴു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയില്‍ ഒതുങ്ങി.

മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാന് കുറച്ചുകൂടി കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയത് അഫ്ഗാന്‍റെ പോരിന് അടിത്തറയായി. മുഹമ്മദ് ഷഹ്സാദ് (55) അര്‍ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തപ്പോള്‍ കൂട്ടുകാരന്‍ ഗുല്‍ബാദിന്‍ നയിബ് അര്‍ധ സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ വച്ച് മടങ്ങി. ഷഹ്സാദുണ്ടാക്കിയ വിടവിലേക്ക് എത്തിയ റഹ്മത് ഷാ (12) വന്നതുപോലെ മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു നയിബിന്‍റെ മടക്കവും. എന്നാല്‍ നായകന്‍ അസ്ഗര്‍ സ്റ്റാനിക്സായിയുടെ രക്ഷാപ്രവര്‍ത്തനം അഫ്ഗാന് തുണയായി. ഒടുവില്‍ ഷെന്‍വാരി(27)യുടെയും അസ്ഗറിന്‍റെയും പ്രകടനം അഫ്ഗാനെ വിജയത്തിലേക്കും ലോകകപ്പ് യോഗ്യതയിലേക്കും എത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ