കരുത്തരായ ശ്രീലങ്ക ഏഷ്യാ കപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. അഞ്ച് വട്ടം കപ്പ് നേടിയിട്ടുള്ള മുന്‍ ലോക ചാമ്പ്യന്മാരുമായ ടീമിനെ അഫ്ഗാനിസ്ഥാന്‍ എന്ന കുഞ്ഞന്‍ ടീം ഏഷ്യാ കപ്പിന്റെ ആദ്യ റൗണ്ടില്‍ നിന്നു തന്നെ പുറത്താക്കിയിരിക്കുകയാണ്. 91 റണ്‍സിനായിരുന്നു അഫ്ഗാന്റെ വിജയം. നേരത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് മികച്ച തുടക്കം ലഭിച്ചിട്ടും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പക്ഷെ ഇപ്പോഴും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ അട്ടിമറിക്കുകയായിരുന്നു എന്ന്?

സ്ലോ പിച്ചില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 249 റണ്‍സ് അവര്‍ക്ക് ധാരാളമായിരുന്നു. റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ 90 പന്തില്‍ നിന്നും 72 റണ്‍സ് നേടിയ റഹ്മത്ത് ഷായുടെ ഇന്നിങ്‌സാണ് അവരുടെ വിജയത്തിന്റെ നട്ടെല്ലായി മാറിയത്. മറുവശത്ത് പക്ഷെ അഞ്ച് വിക്കറ്റുമായി തിസര പെരേര അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാരെ കൃത്യമായ ഇടവേളകളില്‍ മടക്കി അയക്കുന്നുണ്ടായിരുന്നു. എന്നിട്ടും ലങ്ക പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ മലിംഗ കാണിച്ച ഹീറോയിസത്തെ മുതലെടുക്കാനാകാതെ പോയത് പോലെ പെരേരയുടെ പ്രകടനവും വെറുതെയായി.

നാളുകളായി ലങ്ക നേരിടുന്ന വെല്ലുവിളി ഒരിക്കല്‍ കൂടി അവരുടെ വിജയത്തിന് തടയിടുകയായിരുന്നു. 2015 ലോകകപ്പിന് ശേഷം എന്ന് വേണമെങ്കില്‍ പറയാം. ഇന്നലെ 158 റണ്‍സ് മാത്രം എടുക്കാന്‍ സാധിച്ച ബാറ്റിങ് നിരയാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഒപ്പം, നിരന്തരം മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചാല്‍ എത്ര ചെറിയ ടീമിനും ആരേയും തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് അഫ്ഗാന്‍ കാണിച്ചു തരികയും ചെയ്തു. സമീപകാലത്ത് അവര്‍ നടത്തിയ പ്രകടനങ്ങളിലെ സ്ഥിരതയും കളിയോടുള്ള ആവേശവും അഫ്ഗാനിസ്ഥാനെ മികച്ചൊരു ടീമാക്കി മാറ്റിയിരിക്കുകയാണ്. ഐപിഎല്‍ അടക്കം കളിക്കുന്ന അഫ്ഗാന്‍ താരങ്ങളുടെ പ്രകടനത്തിലുണ്ട് അവര്‍ കൈവരിച്ച വളര്‍ച്ച.

ഒരുകാലത്ത് നിരന്തരം ഇന്ത്യയുടെ പാക്കിസ്ഥാന്റേയും ശ്രീലങ്കയുടേയും മുന്നില്‍ മുട്ടുകുത്തി നിന്ന ടീമായിരുന്നു ബംഗ്ലാദേശ്. എന്നാലവരിന്ന് ചെറിയ ടീമല്ല. ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന് അവര്‍ പറയുന്നത് തെല്ല് അഹങ്കാരമാണെങ്കിലും ആ അഹങ്കാരം ബംഗ്ലാദേശിനെ പോരാളികളാക്കി മാറ്റിയിരിക്കുകയാണ്. പോരാട്ട വീര്യം കൊണ്ട് ഇന്ത്യയെ പോലും പരാജയപ്പെടുത്താന്‍ ബംഗ്ലാദേശിന് സാധിക്കും. കാലങ്ങളായി അടി കൊണ്ടവന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങുന്നു എന്നാണ് ബംഗ്ലാദേശിന്റെ സമീപ കാലത്തെ പ്രകടനം വിളിച്ചു പറയുന്നത്. അല്‍പ്പം അച്ചടക്കവും പക്വതയും നല്ല പരിശീലനവും ലഭിച്ചാല്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമൊപ്പം ഏഷ്യയിലെ കരുത്തരായി അവര്‍ മാറും.

ഐപിഎല്ലും ക്വാളിറ്റിയുള്ള രാജ്യാന്തര മത്സരങ്ങളും അഫ്ഗാനെ മികച്ച ടീമാക്കി മാറ്റുമ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നാള്‍ക്കുനാള്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ജയവര്‍ധനവും സംഗക്കാരയും ദില്‍ഷനുമൊക്കെ കളമൊഴിഞ്ഞതോടെ ലോകത്തിന് മുന്നില്‍ വയ്ക്കാന്‍ കഴിയുന്ന ഒരു ബാറ്റ്‌സ്മാന്‍ അവര്‍ക്കില്ല. എയ്ഞ്ചലോ മാത്യൂസ് മാത്രാണ് ലോകോത്തര നിലവാരമുള്ള പ്ലെയർ. ഇന്നിങ്‌സ് ബില്‍ഡ് ചെയ്യാനും സ്ഥിരതയോടെ കളിക്കാനും കഴിയുന്ന ഓപ്പണര്‍മാരും മധ്യനിരയും അവര്‍ക്ക് കൈമോശം വന്നിട്ട് നാളുകളായി. ഇന്നലത്തെ കളി തന്നെ നോക്കാം. ലങ്കയുടെ ടോപ്പ് സ്‌കോറര്‍ ഉപുല്‍ തരംഗയായിരുന്നു. 64 പന്തില്‍ നിന്നുമാണ് തരംഗ 36 റണ്‍സ് നേടിയത്. പിന്നാലെ നാലിന് 88 എന്ന നിലയിലേക്ക് എത്തി ടീം. നായകന്‍ എയ്ഞ്ചലോ മാത്യൂസ് വീണത് 22 റണ്‍സിനാണ്. അഫ്ഗാന്‍ സ്പിന്നര്‍മാരുടെ വാരിക്കുഴിയില്‍ ലങ്ക വീണു പോവുകയായിരുന്നു.

ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചു കൊണ്ട് പന്തെറിയുന്ന സ്പിന്നര്‍മാരാണ് അഫ്ഗാനുള്ളത്. മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനും മാച്ച് വിന്നര്‍മാരാണ്. ഒപ്പം നൈബും മുഹമ്മദ് നബിയും ചേര്‍ന്നതോടെ അവരുടെ ബോളിങ് സുശക്തമാണ്. ഓരോ മത്സരം കഴിയുമ്പോഴും മുന്നോട്ട് പോകുന്ന അഫ്ഗാനിസ്ഥാനും ഓരോ മത്സരത്തിലും പിന്നോട്ട് പോകുന്ന ലങ്കയും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഫ്ഗാന്റെ വിന്നിങ് മെന്റാലിറ്റി അവരെ വിജയികളാക്കി മാറ്റുകയായിരുന്നു ഇന്നലെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook