കാബൂള്‍: ഇന്ത്യയ്‌ക്കെതിരെ തങ്ങളുടെ ആദ്യത്തെ ടെസ്റ്റ് മൽസരത്തിനിറങ്ങുകയാണ് അഫ്‌ഗാനിസ്ഥാന്‍. ചരിത്രമുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ ടീമിനെ കുറിച്ച് അഭിമാനമുണ്ട് അഫ്‌ഗാന്‍ പേസര്‍ ഷപൂര്‍ സാദ്രാന്.
അഫ്‌ഗാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട് താരം. അഫ്‌ഗാന്റെ സ്‌പിന്‍ കരുത്ത് ഇന്ത്യയ്‌ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് താരം പറയുന്നത്. സ്റ്റാര്‍ ബോളര്‍ റാഷിദ് ഖാന്‍, ഐപിഎല്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാന്‍, വെറ്ററന്‍ താരം മുഹമ്മദ് നബി എന്നിവരടങ്ങുന്ന സ്‌പിന്‍ ത്രയം ഇന്ത്യയെ വെള്ളം കുടിപ്പിക്കുമെന്നു തന്നെയാണ് ഷപൂര്‍ പറയുന്നത്.
”ഞങ്ങളുടെ മൂന്ന് സ്‌പിന്നര്‍മാരും സൂപ്പര്‍മാന്‍ ബോളര്‍മാരാണ്. ഒറ്റയ്‌ക്ക് ഒരു മൽസരത്തിന്റെ ഗതി മാറ്റി മറിക്കാന്‍ കഴിവുള്ളവരാണ്. ഇത് രണ്ട് അറ്റത്തു നിന്നും ആക്രമിക്കാന്‍ നായകന് സഹായമാകും. അതുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ഉറക്കം നഷ്‌ടപ്പെടുമെന്നുറപ്പാണ്,” ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാദ്രാന്റെ പ്രതികരണം.
‘അവരുണ്ടാക്കുന്ന ഇംപാക്‌ട് വളരെ വലുതാണ്. ഓരോ ദിവസവും എഴുന്നേല്‍ക്കുന്നത് മുജീബിനേയും റാഷിദിനേയും കുറിച്ചുള്ള വാര്‍ത്തകളിലേക്കാണ്. സോഷ്യല്‍ മീഡിയയിലൊക്കെ തരംഗമാണ്. അതുകൊണ്ട് ഇന്ത്യ ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നാണ് തോന്നുന്നത്. ഞങ്ങളുടെ ടീം അവരെ തോല്‍പ്പിക്കുമെന്ന് തന്നെയാണ് കരുതുന്നത്,” സാദ്രാന്‍ കൂട്ടിച്ചേര്‍ത്തു.
ഐസിസിയുടെ ട്വന്റി-20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമതാണ് റാഷിദ് ഖാന്റെ സ്ഥാനം. പക്ഷെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അനുഭവക്കുറവുണ്ട്. ഫസ്റ്റ് ക്ലാസിലും പരിചയം കുറവാണ്. മുജീബ് ഇതുവരേയും ഫസ്റ്റ് ക്ലാസില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഇതൊന്നും അഫ്‌ഗാനെ തടയാന്‍ ഇന്ത്യയെ സഹായിക്കില്ലെന്നാണ് പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് പറയുന്നത്.