scorecardresearch

സാഫ് കപ്പ്; ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

താരങ്ങൾക്ക് കൂടുതൽ രാജ്യാന്തര മത്സരപരിചയം ഉറപ്പാക്കുന്നതിന് അണ്ടർ 23 ടീമുമായാണ് ഇന്ത്യ സാഫ് കപ്പിനിറങ്ങുന്നത്

സാഫ് കപ്പ്; ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് 6.30ന് ധാക്കയിലെ ബൻഗബന്ധു സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അണ്ടർ 23 ടീമുമായാണ് ഇന്ത്യ സാഫ് കപ്പിനിറങ്ങുന്നത്. ഓസ്ട്രേലിയയിലെ കഠിന പരീശിലനത്തിന് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. സാഫ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

താരങ്ങൾക്ക് കൂടുതൽ രാജ്യാന്തര മത്സരപരിചയം ഉറപ്പാക്കുന്നതിനാണ് ഇത്തവണ ജൂനിയർ ടീമുമായി എത്താൻ കോച്ച് കോൻസ്റ്റന്റൈൻ തീരുമാനിച്ചത്. മുന്നേറ്റ താരം സുബാഷിഷ് ബോസാണ് ടീമിന്റെ നായകൻ. ഏഴ് തവണ കിരീടമുയർത്തിയ ഇന്ത്യ ഇത്തവണയും കിരീടം ഇന്ത്യയിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, ക്രൊയേഷ്യയിൽ നടക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ശക്തരായ ക്രൊയേഷ്യയോട് തോൽവി സമ്മതിച്ച് ഇന്ത്യൻ കൗമാരനിര. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ അണ്ടർ 19 ടീം ക്രൊയേഷ്യയോട് പരാജയപ്പെട്ടത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ക്രൊയേഷ്യൻ കുട്ടിപട ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ കണ്ടെത്തുകയായിരുന്നു. മികച്ച പല മുന്നേറ്റങ്ങളും ഇന്ത്യ നടത്തിയെങ്കിലും ക്രൊയേഷ്യയുടെ വേഗമെറിയ കൗണ്ടർ അറ്റാക്കുകൾ തിരിച്ച് ഇന്ത്യൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറി.

ആദ്യ പകുതിയിൽ വഴങ്ങിയ നാല് ഗോളുകൾക്ക് ശേഷം രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യൻ താരങ്ങളെ മറികടക്കാൻ ഒരിക്കൽ മാത്രമേ ക്രൊയേഷ്യക്കായുള്ളു. നാളെ സ്ലോവേനിയക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന അവസാന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെയാണ് ഇന്ത്യ നേരിടുക.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Aff cup 2018 young india up vs sri lanka