മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 എഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. വിയറ്റ്നാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ ചാമ്പ്യൻഷിപ്പിൽ വരവറിയിച്ചത്. 86-ാം മിനിറ്റിൽ ക്യാപ്റ്റൻ വിക്രം സിങ്ങിന്റെ പെനാൽറ്റിയിലൂടെയായിരുന്നു ഇന്ത്യയുടെ വിജയഗോൾ.

മത്സരത്തിലുടനീളം ഇന്ത്യയുടെ ആധിപത്യം വ്യക്തമായിരുന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗോളെന്നുറപ്പിച്ച നിരവധി ശ്രമങ്ങൾ വിയറ്റ്നാമിന്റെ ഗോൾമുഖത്ത് നിഷ്ഫലമാകുകയായിരുന്നു. കളിയുടെ എട്ടാം മിനിറ്റ് മുതൽ ക്യാപ്റ്റൻ വിക്രം സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മുന്നേറ്റം ശക്തമായിരുന്നു.

എന്നാൽ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചതോടെ മത്സരം വിരസമായി. രണ്ടാം പകുതിയിലും ഇന്ത്യ ആക്രമണം തുടർന്നു. അതേസമയം ഗോളിനായി മത്സരത്തിന്റെ അവസാന മിനിറ്റുകൾ വരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇന്ത്യയ്ക്ക്.

ഒരിക്കൽകൂടി ഗോൾമുഖത്തേക്ക് കുതിച്ച വിക്രം സിങ്ങിനെ ഫൗൾ ചെയ്തതിന് ഇന്ത്യക്ക് പെനാൽറ്റി. പെനാൽറ്റി കിക്ക് വലയിൽ മുട്ടിച്ച് വിക്രം സിങ്ങിന്റെ ഗോൾ. എഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയവും. സെപ്റ്റംബർ 24ന് ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ