അബുദാബി: എഎഫ്സി ഏഷ്യൻ കപ്പിൽ വിജയ പ്രതീക്ഷകളോടെ ആദ്യ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് അബുദാബിയിലെ അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തായ്‍ലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഫിഫ റാങ്കിങ്ങിൽ തങ്ങളെക്കാൾ പിന്നിലുള്ള എതിരാളികളെ നേരിടുമ്പോൾ വിജയം മാത്രമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ള ലക്ഷ്യം.

ക്വാർട്ടറിൽ എത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്രൈൻ വ്യക്തമാക്കി കഴിഞ്ഞു. തരതമ്യേന മത്സരം കടുപ്പമല്ലത്ത എ ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടർ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ പിന്നിലുള്ള തായ്‌ലന്‍ഡിനെതിരെയും ബഹ്റൈനെതിരെയും ജയവും റാങ്കിങ്ങില്‍ മുന്നിലുള്ള യുഎഇക്കെതിരെ സമനിലയുമാണ് ഇന്ത്യയുടെ ലക്ഷ്യം.

ഫിഫ റാങ്കിങ്ങിൽ 97-ാം സ്ഥാനക്കാരാണ് ഇന്ത്യ. തായ്‍ലൻഡ് ആകട്ടെ 118-ാം സ്ഥാനത്തും. ഏഷ്യൻ കപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരങ്ങളില്‍ കരുത്തരായ ചൈനയെയും ഒമാനെയും സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടൂർണമെന്റിന് എത്തുന്നത്.

2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യൻ കപ്പിൽ മത്സരിക്കുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു. അന്ന് ഇന്ത്യൻ കുപ്പായത്തിൽ കളിച്ച രണ്ട് താരങ്ങൾ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. നായകൻ സുനിൽ ഛേത്രിയും, ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും. ഇത്തവണത്തെ ഇന്ത്യൻ നിരയിൽ രണ്ട് മലയാളി സാന്നിധ്യങ്ങളാണുള്ളത്. പ്രതിരോധ താരം അനസ് എടത്തൊടികയും, യുവതാരം ആഷിഖ് കുരുണിയനും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ കപ്പ് പോരാട്ടത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. 2015 ൽ നടന്ന ഏഷ്യ കപ്പിൽ ഇന്ത്യ മത്സരിച്ചിരുന്നില്ല. ഇതിന് മുമ്പ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ ഏഷ്യ കപ്പിൽ ബൂട്ടണിഞ്ഞത്, 1964, 1984, 2011. 1964ൽ ഫൈനലിൽ എത്തിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. 1984ലും 2011ലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ