ബെംഗളൂരു: എഎഫ്‌സി ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ഏയില്‍ ഇന്ന് ഇന്ത്യ മക്കാവോയെ നേരിടും. ബെംഗളൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ 37 വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പ്‌ ഫൈനലില്‍ എത്തിയിട്ടുള്ളത്. 1984ലും ശേഷം 2011ലുമായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

നിലവില്‍ ഗ്രൂപ്പ് എ യില്‍ ഒന്നാംസ്ഥാനക്കാരാണ് ഇന്ത്യ. യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ട് എത്തുമ്പോള്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ നാലു ഗോളുമായി ഇന്ത്യ ഗ്രൂപ്പില്‍ ആധിപത്യം സ്ഥാപിക്കുന്നു. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഒരേയൊരു ടീം ഇന്ത്യയാണ്. ഫിഫാ റാങ്കിഗ്രൂപ്പില്‍ മക്കാവുവിനെക്കാള്‍ 75 സ്ഥാനം മുന്നിലുള്ള മക്കാവുവിനെ ഇന്ത്യ രണ്ടു തവണ 2-0 എന്ന സ്കോറിനു തോല്‍പ്പിച്ചിട്ടുണ്ട്. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അവരുടെ തന്നെ തട്ടകത്തില്‍ നേടിയ അനായാസ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ തന്നെയാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുക.

സ്വന്തം രാജ്യത്ത് കളി എന്നതിനു പുറമേ നിലവിലെ സാഹചര്യത്തില്‍ അനായാസമായി യോഗ്യത നേടാം എന്നുള്ളതും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റ്റിനിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്ന ഘടകമാണ്. ഇന്ന് മക്കാവോയെ നേരിടുന്ന ടീമില്‍ ഏറെ മാറ്റങ്ങള്‍കൊണ്ട് വരാനും യുവതാരങ്ങളെ പരീക്ഷിക്കാനുമുള്ള സാധ്യത കൂടി തെളിയുന്നു.

മലയാളിയായ അനസ് ഇടതോടിക്ക ആദ്യ ഇലവനില്‍ ഇടം നേടും എന്നു തന്നെയാണ് പ്രതീക്ഷ. ഏറെ കാലത്തിനു ശേഷം സ്ട്രൈക്കര്‍ സികെ വിനീതും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫോര്‍മില്‍ അല്ലായിരുന്ന റോബിന്‍ സിങ്ങിനെ ഒഴിവാക്കിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനു ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും ക്ഷണം എത്തിയത്.

7:30 മുതല്‍ മത്സരം ഇവിടെ തത്സമയമായി കാണാം.

ഇന്ത്യന്‍ XI : 

സുനില്‍ ഛേത്രി (ക്യാപ്റ്റന്‍), ഗുര്‍പ്രീത് സിങ് സന്ധു (ഗോള്‍ കീപ്പര്‍) , പ്രീതം കൊട്ടാല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തോടിക്ക, നാരായണ്‍ ദാസ്, റൗളിന്‍ ബോര്‍ഗസ്, യൂജിന്‍സന്‍ ലിങ്ഡോ, ജാക്കിചന്ദ് സിങ്, ഹാളിചരന്‍ നാര്‍സറി, ജെജെ ലാല്‍പെഖുലുവ

തോരാത്ത മഴ ഈറനണിയിച്ച ശ്രീ കണ്ടീരവസ്റ്റേഡിയത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും മുന്നില്‍ കാണാതെ തന്നെയാണ് ഇന്ത്യയുടെ നീലപ്പട ഇറങ്ങുക. നഗരത്തില്‍ കഴിഞ്ഞ കുറച്ചു മണിക്കൂറായി പെയ്യുന്ന കനത്ത മഴ ആരാധകരുടെ എണ്ണക്കുറവായി പരിണമിച്ചിട്ടുണ്ട്. എണ്ണത്തില്‍ കുറവെങ്കിലും ശബ്ദത്തില്‍ ഒട്ടും പിറകിലെല്ലാത്ത ആരാധകര്‍ തന്നെയാണ് ബെംഗളൂരുവിലേത്.

ഇന്ത്യന്‍ താരങ്ങളൊക്കെ മൈതാനത്തിലേക്ക് കടന്നുവരികയാണ് ഇപ്പോള്‍. ഇന്ത്യ പതിവ് നീലജെഴ്സിയിലും മക്കാവോ ഇളം പച്ച ജെഴ്സിയും അണിഞ്ഞിരിക്കുന്നു. കിക്കോഫിനു ഏതാനും മിനുട്ടുകള്‍ മാത്രമുള്ളപ്പോഴും ആരാധകര്‍ മൈതാനത്തേക്ക് വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്.

ഉദാന്താ സിങ്ങിനു പകരം ജാക്കിചന്ദ് സിങ് ടീമില്‍ ഇടം നേടിയപ്പോള്‍ കഴിഞ്ഞ കളിയില്‍ നിന്നും കാര്യമായ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ മക്കാവുനെതിരെ ഇറങ്ങുന്നത്.

വിസില്‍ മുഴങ്ങിയിരിക്കുന്നു

1 ഒന്നാം മിനുട്ടില്‍ തന്നെ വലതു വിങ്ങില്‍ നിന്നും ഇന്ത്യയുടെ ഒരു ക്രോസ് മക്കാവോ ബോക്സിലേക്ക്. ബോക്സിലേക്ക് ഹൊളിചരന്‍ എത്തിയിരുന്നു എങ്കിലും മക്കാവോ പ്രതിരോധം ബാല്‍ ക്ലിയര്‍ ചെയ്യുന്നു. കോര്‍ണര്‍ !

2 ആദ്യ ചാന്‍സില്‍ തന്നെ കോര്‍ണര്‍ ഗോളാക്കുവാനുള്ള ഒരവസരം ഇന്ത്യയ്ക്ക് വീണുകിട്ടിയെങ്കിലും ഒന്നുമായില്ല.

3 അടുത്ത മികച്ച മുന്നേറ്റം. ബോക്സില്‍ വച്ച് ഛേത്രിയും ജെജെയു തമ്മില്‍ മനോഹരമായി പന്ത് കൈമാറുന്നു. ഷോട്ട് എടുക്കുന്നതിനു മുന്നേ ഇന്ത്യന്‍ നായകന്‍റെ കാലില്‍ നിന്നും പന്ത് കൈകലാക്കി മക്കാവുവിന്‍റെ നല്ലൊരു സേവ് !

6 ഇടതോരാത്ത മഴ പന്തിന്‍റെ വേഗത കുറയ്ക്കുന്നത് വ്യക്തം. കൂടുതല്‍ സമയം പന്ത് കാലില്‍ ഒതുക്കാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.

7 ഇടതു വിങ്ങില്‍ ശരവേഗത്തില്‍ മുന്നേറിയ ജാക്കിചന്ദ് നടുക്ക് ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്യുന്നു. അലക്ഷ്യമായ ക്രോസ് മക്കാവൂവിന്‍റെ നിയര്‍ പോസ്റ്റില്‍ ഗോള്‍കീപ്പറുടെ കൈകളില്‍ ഭദ്രം.

10 വലതുവിങ്ങില്‍ നിന്നും പ്രീതം കൊട്ടാലിന്‍റെ മറ്റൊരു ക്രോസ് എല്ലാവരെയും കവച്ചുവച്ച് പുറത്തേക്ക്. നായകന്‍ അപ്രീതി മറച്ചു വെക്കുന്നില്ല.

13 സെന്‍റര്‍ ഹാഫില്‍ നിന്നും റൗളിന്‍റെ ഒരു ലോങ്ങ്‌ ഷോട്ട്. പോസ്റ്റില്‍ നിന്നും ഒരുപാട് ദൂരം അകലത്തേക്ക്. മക്കാവുവിന്‍റെ ഗോളിയുടെ ഷോട്ട് ഇന്ത്യന്‍ പ്രതിരോധത്തിലെ പിഴവുകാരണം കോര്‍ണറില്‍ കലാശിക്കുന്നു. കോര്‍ണറില്‍ സമയോചിതമായ ഇടപെടല്‍. ക്ലിയയറന്‍സ് !

15 ഓ ജിങ്കന്‍ ! ജിങ്കന്‍റെ മോശം ടാക്കിളില്‍ മോശം മക്കാവുവിനു അനുകൂല വിധി. ബോക്സിനടുത്ത് നിന്നും സെറ്റ് പീസ്‌

17 സെറ്റ് പീസ് ഇന്ത്യയെ ഒട്ടും തന്നെ ബുദ്ധിമുട്ടിച്ചില്ല. തിരിച്ചു ഇന്ത്യയുടെ കൗണ്ടര്‍. വലതുവിങ്ങില്‍ മുന്നേറിയ ജാക്കി ദൂരെനിന്നും ഷോട്ട് തുടുക്കുന്നു. മക്കാവു കീപ്പര്‍ക്ക് മറ്റൊരു എളുപ്പ സേവ് !

20 മക്കാവു പോസ്റ്റിനരികില്‍ ഇന്ത്യയ്ക്ക് സെറ്റ് പീസ്‌ !!

21ഇന്ത്യന്‍ നായകന്‍റെ മുന്നേറ്റം തടുത്തു നിര്‍ത്തിയ മക്കാവു സ്റ്റോപ്പര്‍ക്ക് മഞ്ഞ കാര്‍ഡ്. സുനില്‍ ഛേത്രിയുടെ സ്കോറിങ്ങ് പൊസിഷനില്‍ വച്ച് കിട്ടിയ സെറ്റ് പീസ്‌ ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ല. സുനിലിന്‍റെ ഷോട്ട് ഇടതു പോസ്റ്റ്‌ താണ്ടി ഉയര്‍ന്ന് പുറത്തേക്ക്.

24 ഗുര്‍പ്രീതിന്‍റെ ലോങ്ങ്‌ബോള്‍ ഇന്ത്യന്‍ വിങ്ങറുടെ കാല്‍കളിലേക്ക് പിന്‍ പോയന്‍റ് ഡിസ്ടിബ്യൂഷന്‍. നാസറിക്ക് കൈമാറിയ പന്ത് ഇടതു ബോക്സില്‍ നിന്നും വലതു വിങ്ങിലേക്ക് കൈമാറുന്നു. മക്കാവുവിന്‍റെ ക്ലിയറന്‍സ് !

27 ഗോള്‍ !!! റൗളിന്‍ വീണ്ടും. ജെജെയുടെ അസിസ്റ്റില്‍ ഇടതു പോസ്റ്റിന്‍ലേക്ക് ഈസി ഷോട്ട് !! ബോക്സില്‍ തന്നെ നിലയുറപ്പിച്ച അഞ്ചു മക്കാവു ഡിഫണ്ടര്‍മാര്‍ നോക്കി നില്‍ക്കെയായിരുന്നു ഇന്ത്യന്‍ മധ്യനിരതാരത്തിന്‍റെ ഷോട്ട്. മക്കാവു താരത്തിന്‍റെ ശരീരത്തില്‍ തട്ടി ലക്ഷ്യംതെറ്റിയ പന്ത് ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ നേടി കൊടുക്കുന്നു.

30 ഒരു മറുപടി ഗോള്‍ കണ്ടെത്താന്‍ മക്കാവോ ശ്രമിക്കുന്നുണ്ട് എങ്കിലും കൂടുതല്‍ സമയം പന്ത് കാലില്‍ വച്ചുള്ള ഇന്ത്യയുടെ കളിയില്‍ മക്കാവുവിനു പന്ത് കൈകലാക്കാന്‍ സാധിക്കുന്നില്ല.

31 ചാന്‍സ് !!! നാരായണ്‍ ദാസിന്‍റെ ഒരു ഹെഡര്‍ മക്കാവു ഗോള്‍കീപ്പറുടെ കൈകളില്‍ ഭദ്രം. ഇടതു ബോക്സില്‍ നിന്നും നാരായണന്‍റെ മികച്ച പ്ലേസ്മെന്‍റ മക്കാവു കീപ്പര്‍ സമര്‍ത്ഥമായി സേവ് ചെയ്യുന്നു.

34 മഴയില്‍ കുതിര്‍ന്ന മൈതാനത്തില്‍ വളരെ പതുക്കെയാണ് പന്ത് നീങ്ങുന്നത്. പ്രതികൂലമായ സാഹചര്യത്തിന്‍റെ പ്രയാസം ഇരുടീമുകളേയും ഒരുപോലെ ബാധിക്കുന്നുണ്ട്.

36 ഗോള്‍ !! മക്കാവു ! വലതു വിങ്ങില്‍ നിന്നും വന്ന ക്രോസില്‍ മക്കാവുവിന്‍റെ ഹെഡര്‍ ഗോള്‍. നിക്കോളാസ് ടറാവോയാണ് മക്കാവോയ്ക്ക് വേണ്ടി എഎഫ്സി കപ്പിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്.

38 സെന്‍റര്‍ബാക്ക് ജിങ്കനും റൈറ്റ് ബാക്ക് പ്രീതം കോട്ടാലിനും ഇടയില്‍ നിലയുറപ്പിച്ച മക്കാവോ സ്ട്രൈക്കറിലേക്ക് കിറുകൃത്യമായി ക്രോസ് ചെന്നെത്തുകയായിരുന്നു. ആദ്യ പകുതിക്ക് മുന്നില്‍ വീണ്ടും ഗോള്‍ നേടാനാവും ഇന്ത്യയുടെ ഇനിയുള്ള ശ്രമം.

42 ഇന്ത്യ ധാരാളമായി പന്ത് കാലില്‍ വെക്കുകയും പാസ് ചെയ്യുകയും ചെയ്യുന്നുണ്ട് എങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഏറെ പിന്നിലാണ്. വിങ്ങുകളില്‍ പുള്‍ബാക്കുകളെ ഉപയോഗിച്ച് ക്രോസുകള്‍ വരുന്നുണ്ട് എങ്കിലും ക്രോസുകളൊന്നും തന്നെ മികച്ചതല്ല എന്നു വേണം പറയാന്‍.

45 കളി ആദ്യപകുതിയുടെ അധികസമയത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയ്ക്ക് സമനില കണ്ടെത്താന്‍ സാധിക്കാത്ത ഒരു സാഹചര്യം തന്നെയാണ്.

ആദ്യപകുതിയുടെ വിസില്‍ മുഴുങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് അവസരോചിതമായി ഉയരാന്‍ സാധിച്ചില്ല എന്നുവേണം പറയാന്‍. ഒന്നിലേറെ അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഗുണമേന്മയുള്ള പാസുകളും ക്രോസുകളും കണ്ടെത്തുന്നതില്‍ ഇന്ത്യ പിന്നോട്ട് നിന്നു. ഇന്ത്യയേക്കാള്‍ ഏറെ പിന്നിലുള്ള ഒരു ടീമായിട്ടുകൂടി അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയമാണ്. ഫുള്‍ബാക്കുകളെ ആശ്രയിച്ചുകൊണ്ട് പന്ത് ക്രോസ് ചെയ്യാനും ഗോള്‍ നേടാനുമാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേസമയം മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ ഉണ്ടായിട്ടും ടീമിന് അവരെ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നു തന്നെ വേണം പറയാന്‍.

 

രണ്ടാം പകുതിയില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റ്റീന്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തു തന്നെയായാലും അത് ഏറെ നിര്‍ണായകമാവും.  തന്ത്രപരമായ എന്തൊക്കെ മാറ്റങ്ങളാണ് ഡ്രസ്സിങ് റൂമില്‍ ഒരുങ്ങുന്നത് എന്ന് വൈകാതെ തന്നെ കണ്ടറിയാം

46 രണ്ടാം പകുതി ആരംഭിക്കുകയായി. ഇന്ത്യയുടെ ആദ്യ സബ്സ്റ്റിറ്റ്യൂഷന്‍ ജാക്കിചന്ദ് സിങ്ങിനു പകരം സ്ട്രൈക്കാര്‍ ബല്‍വന്ത് സിങ്ങ് ഇറങ്ങുന്നു

47 കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടു ഗോള്‍ കണ്ടെത്താന്‍ സാധിച്ച ബല്‍വന്തിന്‍റെ സാന്നിധ്യം ഈ കളിയിലും ഇന്ത്യയ്ക്ക് ഗുണകരമാകും എന്നാണു കോച്ചിന്‍റെ പ്രതീക്ഷ. മഴ കുറഞ്ഞു എന്നതും അനുകൂലമായൊരു ഘടകമാവുന്നുണ്ട്.

49 മക്കാവിന്‍റെ പ്രതിരോധനിരയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുന്നുണ്ട് എങ്കിലും ഒന്നും തന്നെ ഷോട്ടില്‍ കലാഷിക്കുന്നില്ല.

50 ചാന്‍സ് ! കഴിഞ്ഞ ഒരു മിനുട്ടായി ഇന്ത്യന്‍ പ്രതിരോധത്തിനു ഭീഷണിയാവുകയാണ് മക്കാവു. ബോക്സില്‍ നിന്നുമുള്ള മക്കാവുവിന്‍റെ ഹെഡര്‍ ഗുര്‍പ്രീതിന്‍റെ കൈയില്‍ ഭദ്രം.

51 ചാന്‍സ് !! ഇന്ത്യയുടെ മികച്ചൊരു മുന്നേറ്റം. സുനിലില്‍ നിന്നും പന്ത് കൈപറ്റിയ നാസറിയുടെ ഷോട്ട് കോര്‍ണറില്‍ കലാശിക്കുന്നു. യൂജിനിന്‍റെ കോര്‍ണര്‍ സേവ്.

54 ജിങ്കന്‍ ഹെഡര്‍ !! യൂജിന്‍റെ രണ്ടാം കോര്‍ണറില്‍ ജിങ്കന്‍റെ മികച്ചൊരു ഹെഡര്‍. മക്കാവോ ഗോളിയുടെ ഒരുപോലെ മികച്ച സീവില്‍ ഇന്ത്യയ്ക്ക് വീണ്ടുമൊരു അവസരം നഷ്ടം.

58 മക്കാവുവിന്‍റെ ലയണല്‍ ഒരു ലോങ്ങ്‌ ഷോട്ടിനു മുതിരുന്നു. ഗുര്‍പ്രീതിനത് നിശ്പ്രയാസ സേവ് !

59 ഗോള്‍ !! ക്യാപ്റ്റന്‍ ഓ മൈ ക്യാപ്റ്റന്‍ !! മക്കാവു പ്രതിരോധത്തെ കബളിപ്പിച്ചുകൊണ്ട് ബല്‍വന്തിന്‍റെ മികച്ചൊരു മുന്നേറ്റം. ഇടതു ബോക്സില്‍ പ്രതിരോധത്തെ തരണം ചെയ്തു ഓടിയെത്തിയ നായകന്‍ സുനില്‍ ഛേത്രി നിഷ്പ്രയാസം പന്ത് പോസ്റ്റിലേക്ക് കയറ്റുന്നു. ഇന്ത്യ വീണ്ടും മുന്നില്‍ !

62 ബല്‍വന്തിനു മറ്റൊരു അവസരം. മക്കാവു ഗോള്‍കീപ്പറുമായി നേര്‍ക്കുനേര്‍ നിന്ന മുന്നേറ്റത്തില്‍ ഗോള്‍ കണ്ടെത്താനായില്ല.

65 സബ്സ്റ്റിറ്റ്യൂഷന്‍ : ആദ്യ ഗോള്‍ നേടിയ റൗളിനെ പിന്‍വലിച്ച് റഫീക്കിനു അവസരം നല്‍കുന്നു.

66 രണ്ടാം പകുതിയില്‍ വരുത്തിയ തന്ത്രപരമായ മാറ്റം ബല്‍വന്തിന്‍റെ അസിസ്റ്റിലൂടെ ഗോളായി കലാശിച്ചത് ഇന്ത്യന്‍ കൊച്ചിനു ആശ്വാസകരമാണ്. റഫീക്ക് ടീമില്‍ ചെലുത്തുന്ന സ്വാധീനവും നിര്‍ണായകമാവും.

69 ഗോള്‍ !! ഇന്ത്യയ്ക്ക് മൂന്നാമത്തെ ഗോള്‍. നാസറിയുടെ ഒരു മോശം ക്രോസ് മക്കാവോ ഡിഫണ്ടറിന്‍റെ ക്ലിയറന്‍സ് ശ്രമത്തില്‍ പ്രതിഫലിച്ച് സ്വന്തം പോസ്റ്റിലേക്ക്. ഇന്ത്യയ്ക്ക് ആധിപത്യം !

73 യൂജിന്‍ !! യൂജിന്‍സന്‍ ലിങ്ഡോയുടെ ഒരു ലോങ്ങ്‌ ഷോട്ട് മികച്ച ശ്രമമെങ്കിലും ലക്ഷ്യത്തില്ലെത്തിക്കാന്‍ സാധിച്ചില്ല.

75 കളി തീരാന്‍ പതിനഞ്ചോളം മിനുട്ട് മാത്രം ബാക്കി നില്‍ക്കെ എ എഫ്‌ സി കപ്പില്‍ സുരക്ഷിതമായി യോഗ്യത നേടി എന്നതിന്‍റെ ആശ്വാസത്തിലാണ് ഇന്ത്യ. ഇനി ഗോള്‍ നല്കാതിരിക്കാനാകും ഇന്ത്യ ശ്രമിക്കുക.

77 സബ്സ്റ്റിറ്റ്യൂഷന്‍ : കാലില്‍ പരുക്കുമായി ബുദ്ധിമുട്ടനുഭാവിക്കുകയായിരുന്ന അനസിനെ പിന്‍വലിച്ചുകൊണ്ട് സലാം രഞ്ജന്‍ സിങ്ങിനു അവസരം. മണിപ്പൂരില്‍ നിന്നുമുള്ള സെന്‍റര്‍ ഡിഫണ്ടറുടെ ഇന്ത്യന്‍ ജെഴ്സിയിലുള്ള അരങ്ങേറ്റമാണിത്.

79 ഷോട്ട് !! ബല്‍വന്ത് !!! ജെജെയില്‍ നിന്നും ലഭിച്ച പന്തില്‍ ബല്‍വന്തിന്‍റെ ഇടതുകാലില്‍ നിന്നുമൊരു ഷോട്ട് !

84 വിജയമുറപ്പിച്ച ഇന്ത്യ വെറുതെ സമയം കളയുന്ന കാഴ്ചയാണ് ഇപ്പോള്‍. അതിനിടയില്‍ ബല്‍വന്തിനു ലഭിച്ച ത്രൂ ബോളില്‍ ഓഫ് സൈഡ്‌ ഫ്ലാഗ് ഉയരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ സംഭവവികസനങ്ങള്‍ ഒന്നും തന്നെയില്ല.

87 ഇന്ത്യയ്ക്ക് മറ്റൊരു അനായാസ അവസരം. പന്തുമായ് ഓടിയ നാസറിയുടെ പാസ് നായകന്‍ സുനിലിന്‍റെ കാലിലേക്ക്. ആദ്യ ചാന്‍സില്‍ ഷോട്ട് എടുക്കാമായിരുന്ന സുനില്‍ പന്ത് ഇടതു വിങ്ങിലെ ജേജെയ്ക്ക് കൈമാറുന്നു. ജെജെയുടെ ഷോട്ട് പുറത്തേക്ക്.

90+1 ഗോള്‍ !! മിസോ സ്നൈപ്പര്‍ !! ഛേതരിയുടെ ത്രൂ ബാളില്‍ ജേജെയ്ക്ക് അനായാസ ഗോള്‍ !

ഫുള്‍ടൈം

4-1 എന്ന വിജയത്തോടെ ഗ്രൂപ്പ് തലത്തില്‍ തങ്ങളുടെ അപ്രമാദിത്വമുറപ്പിച്ചുകൊണ്ട് ഇന്ത്യ ഏഎഫ്‌സി കപ്പില്‍ യോഗ്യത നേടിയിരിക്കുന്നു. ഈ വിജയത്തോടെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യ ഏ എഫ് സി കപ്പിന്‍റെ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വിജയത്തോടെ അവസാനമായി കളിച്ച പന്ത്രണ്ട് കളികളിലും അപരാജിതരായ ഇന്ത്യന്‍ പട ഫുട്ബോള്‍ ലോകത്ത് തങ്ങളെ എഴുതി തള്ളേണ്ടത്തില്ലെന്നു ഓര്‍മപ്പെടുത്തുകകൂടിയാണ്.

സൈനിങ് ഓഫ് !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook