ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തായ്പെയ്ക്കെതിരായ ഗ്രൂപ്പ് എ മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി.
ഇന്ത്യൻ ക്യാമ്പിലെ പത്തോളം അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നിർണായക ഏറ്റുമുട്ടലിൽ നിന്ന് പിന്മാറുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലെന്ന് എഎഫ്സി അധികൃതർ അറിയിച്ചു.
മത്സരം കളിക്കാൻ ആവശ്യമായ 13 കളിക്കാരുടെ പേരുപോലും നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. “കോവിഡ് മഹാമാരി സമയത്ത് എഎഫ്സി മത്സരങ്ങൾക്ക് ബാധകമായ പ്രത്യേക നിയമങ്ങൾ അനുസരിച്ച്, ഇന്ത്യക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല,” എഎഫ്സി ഒരു പ്രസ്താവനയിൽ പറഞ്ഞു.
7.30ന് കിക്ക് ഓഫ് തീരുമാനിച്ച മത്സരത്തിന് ഒരു മണിക്കൂർ മുമ്പാണ് ഇന്ത്യൻ ടീം ഈ വിവരം അറിയിച്ചത്.
ഈ വിഷയത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
19 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ കളിക്കുന്നത്. ക്വാർട്ടർ ഫൈനലിലെത്താനായിരുന്നു ടീമിന്റെ ലക്ഷ്യമെങ്കിലും ഞായറാഴ്ചത്തെ പിന്മാറ്റം പ്രതീക്ഷകളെ തകിടം മറിക്കും.
12 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഒരു ബയോ ബബിളിലാണ് നടക്കുന്നത്, വേദികളിലേക്ക് കാണികളെ അനുവദിക്കില്ല. എന്നാൽ ഇറാനെതിരായ അവരുടെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ രണ്ട് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.