ഫ്നോംപെന്‍ഹ്: എഎഫ്സി കപ്പ് സന്നാഹ മത്സരത്തിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയും കംബോഡിയും ഇന്നു ഏറ്റുമുട്ടും. ഇരുടീമുകള്‍ക്കും 2019 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്കു മുൻപേയുള്ള അവസാന അന്തര്‍ദേശീയ മത്സരമാകും ഇന്ന്‍ നടക്കുന്നത്. ഇരു ടീമുകളും അവസാനമായി 2007ലെ നെഹ്‌റു കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ നേടിയ 6-0 നുള്ള വിജയം കളിക്കാരിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രതിരോധനിരയില്‍ കരുത്ത് തീര്‍ത്തിരുന്ന സന്ദേശ് ജിങ്കന്റെയും അർണാബ് മൊണ്ടാലിന്റെയും പരുക്കും മോശം പ്രകടനവും മലയാളി സ്റ്റോപ്പര്‍ അനസ് ഇടത്തോടിക്കയുടെ അന്തര്‍ദേശീയ അരങ്ങേറ്റത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. പരുക്കു കാരണം ഒരു വര്‍ഷത്തോളം വിട്ടു നിന്ന ശേഷം മടങ്ങിവന്ന സെന്‍റര്‍ ഫോര്‍വേഡ് റോബിന്‍ സിങ് ഉശിരന്‍ ഫോമിലാണുള്ളത്. തന്‍റെ സ്ഥിരം ഫോമേഷനായ 4-2-3-1 ലായിരിക്കും കോച്ച് സ്റ്റീഫന്‍ കൊൺസ്റ്റൈയ്ന്റൻ ടീം ഒരുക്കുന്നത്. സുനീല്‍ ചേത്രിയും മിന്നുന്ന ഫോമിലുള്ള മലയാളിതാരം സി.കെ വിനീതും മുന്നേറ്റനിരയ്ക്ക് കരുത്തേകും. ഗോള്‍കീപ്പര്‍ ഗുർപ്രീത് സിങ് സന്ധു ആയിരിക്കും ഇന്ത്യയെ നയിക്കുക.

പുതുമുഖങ്ങളായ ജെറി ലാല്‍സ്വംസ്വാലാ, മിലാന്‍ സിംഗ്, നിശു കുമാര്‍, ദാനിയല്‍ ലാല്‍മുംപ്വായാ എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനിടെ കളിക്ക് ടെലിവിഷന്‍ സംപ്രേഷണം ഇല്ല എന്നത് ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകരുടെ പ്രതിഷേധത്തിനു കാരണമാവുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ