അബുദാബി: ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം. ഇന്ത്യയുടെ സര്‍വ്വാധിപത്യം കണ്ട മത്സരത്തില്‍ ജയം 4-1 നായിരുന്നു. നായകന്‍ ഛേത്രിയുടെ ഇരട്ടഗോളുകളാണ് ഇന്ത്യന്‍ വിജയത്തിന്റെ കരുത്ത്. 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ ഒരു മത്സരം ജയിക്കുന്നത്.

ഇന്നത്തെ പ്രകടനത്തിലൂടെ സുനില്‍ ഛേത്രി മറി കടന്നിരിക്കുന്നത് സാക്ഷാല്‍ ലയണല്‍ മെസിയെയാണ്. ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയിലാണ് ഛേത്രി മെസിയെ മറി കടന്നത്. 65 ഗോളുകളാണ് മെസി അര്‍ജന്റീനയ്ക്കായി നേടിയിരിക്കുന്നത്.

ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ഛേത്രിയുടെ പേരില്‍ 67 ഗോളുകളുണ്ട്. ഇന്ത്യന്‍ നായകന് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരത്തിന്റെ കണക്കിലുള്ളത് 85 ഗോളുകളാണ്. ഇതോടെ ഏഷ്യന്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഛേത്രി സ്വന്തമാക്കി.നാല് ഗോളുകളാണ് ഛേത്രി ഏഷ്യന്‍ കപ്പില്‍ ആകെ നേടിയിട്ടുള്ളത്.

ഇതോടെ മറ്റൊരു ചരിത്രവും ഇന്ത്യ കുറിച്ചു. എഷ്യന്‍ കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണ് തായ്‌ലന്‍ഡിനെതിരെ ഇന്ന് നേടിയത്. 1964 ല്‍ ഹോങ്കോങിനെതിരെ നേടിയ 3-1 ആയിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook