എഎഫ്സി ഏഷ്യൻ കപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് പുതിയ നായകൻ. ബഹ്റൈനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ നയിക്കുന്നത് മധ്യനിര താരം പ്രണോയ് ഹാൾദാറായിരിക്കും. ഓരോ മത്സരത്തിലും വ്യത്യസ്ത നായകന്മാരെ ഇറക്കുന്ന റൊട്ടേഷൻ ശൈലിയാണ് ഇന്ത്യ ഏഷ്യൻ കപ്പിലും തുടരുന്നത്. ഇതാദ്യമായാണ് ഹാൾഡർ ഇന്ത്യൻ ടീമിനെ നയിക്കാനൊരുങ്ങുന്നത്.
ടീമിൽ ഒരു മാറ്റവും ഇന്ത്യ വരുത്തിയിട്ടുണ്ട്. മധ്യനിരയിൽ അനിരുദ്ധ് ഥാപയ്ക്ക് പകരം റൗളിൻ ബോർഗസ് ഇടം നേടി. ഇന്ത്യ 4-4-2 ശ്രേണിയിലാവും ഇന്നും മൈതാനത്തിറങ്ങുകയെന്നാണ് കരുതുന്നത്. ഛേത്രിക്കും ആഷിഖ് കുരുണിയനും മുന്നേറ്റത്തിന്റെ ചുമതല നൽകും. ഛേത്രിയുടെ പരിചയസമ്പത്തും ആഷിഖിന്റെ വേഗവും മത്സരത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യും.
ഇന്ത്യൻ ഗോൾ വലകാക്കുന്നത് നായകൻ ഗുര്‍പ്രീത് സിങ് സന്ധുവാണ്. പ്രതിരോധ നിരയിൽ പ്രിതം കോട്ടാല്‍, സന്ദേശ് ജിങ്കാന്, അനസ് എടത്തൊടിക, സുഭാഷിഷ് ബോസ് എന്നിവർ അണിനിരക്കും. മധ്യനിരയിൽ എത്തുന്നത് ഉദാന്ത സിങ്, പ്രണോയ് ഹാള്‍ഡര്‍, റൗളിൻ ബോർഗസ്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ്. മുന്നേറ്റത്തിൽ കുന്തമുന സൂപ്പർ താരം സുനിൽ ഛേത്രിയാണ് ഒപ്പം ആഷിഖ് കുരുണിയനും.