പുതുവർഷത്തിൽ തന്നെ കായികലോകം ഉണരുകയാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഫുട്ബോൾ കരുത്തന്മാർ കൊമ്പുകോർക്കുന്ന എഎഫ്സി ഏഷ്യകപ്പിന് ശനിയാഴ്ച തുടക്കമാകും. യുഎഇയാണ് ഇത്തവണത്തെ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യ കപ്പിന്രെ പതിനേഴാം പതിപ്പിൽ ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ഇത് രണ്ടാം തവണയാണ് യുഎഇ ഏഷ്യൻ ഫുട്ബോൾ മാമാങ്കത്തിന് ആതിഥേയരാകുന്നത്. 1996 ലാണ് യുഎഇ ഇതിന് മുമ്പ് ആതിഥേയത്വം വഹിച്ചത്. 16 ടീമുകളിൽ നിന്ന് 24 ടീമുകളായി മത്സരാർത്ഥികളുടെ എണ്ണം വർദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഏഷ്യകപ്പ് കൂടിയാണിത്. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാർ. കിരീടജേതാക്കൾ 2021ൽ നടക്കുന്ന കോൺഫെഡറേഷൻ കപ്പിനും യോഗ്യത നേടും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ കപ്പ് പോരാട്ടത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. 2015 ൽ നടന്ന ഏഷ്യ കപ്പിൽ ഇന്ത്യ മത്സരിച്ചിരുന്നില്ല. ഇതിന് മുമ്പ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ ഏഷ്യ കപ്പിൽ ബൂട്ടണിഞ്ഞത്, 1964, 1984, 2011. 1964ൽ ഫൈനലിൽ എത്തിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. 1984ലും 2011ലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.

ഇക്കൊല്ലം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യക്ക് പുറമെ ബഹ്റൈൻ, തായ്‍ലൻഡ്, ആതിഥേയരായ യുഎഇ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്. ജനുവരി ആറിന് തായ്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

ഇന്ത്യയുടെ മത്സരക്രമം

ജനുവരി 06 – ഇന്ത്യ vs തായ്‍ലൻഡ്
ജനുവരി 10 – ഇന്ത്യ vs യുഎഇ
ജനുവരി 10 – ഇന്ത്യ vs ബഹ്റൈൻ

ജനുവരി അഞ്ചിന് ആരംഭിക്കുന്ന എഎഫ്സി ഏഷ്യകപ്പിന്റെ ഫൈനൽ പോരാട്ടം ഫെബ്രുവരി ഒന്നിനാണ്. നാല് ടീമുകളടങ്ങുന്ന ആറ് ഗ്രൂപ്പുകളിലാണ് പ്രാഥമിക പോരാട്ടം. ഗ്രൂപ്പിൽ മുന്നിലെത്തുന്ന 16 ടീമുകൾ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും. ക്വാർട്ടർ, സെമിഫൈനൽ പോരാട്ടങ്ങൾക്കും ശേഷമാണ് കിരീടജേതാക്കളെ തീരുമാനിക്കുന്ന ഫൈനൽ മത്സരം.

ഇന്ത്യൻ ടീം ഇങ്ങനെ

ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദ്രര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്‌ത്.

പ്രതിരോധം- പ്രിതം കോട്ടാല്‍, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സാര്‍ഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്.

മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ്‌സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനീത് റായ്, റൗളിന് ബോര്‍ജസ്, അനിരുദ്ധ് ഥാപ, ജര്‍മന്‍ പി സിങ്, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചങ്‌തേ.

മുന്നേറ്റനിര- സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖല്വ, ബല്‍വന്ദ് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗന്ദരി, സുമീത് പാസി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ