ഒരു ഇടവേളയ്ക്ക് ശേഷം എഎഫ്‍സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. തായ്‍ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു നീല കടുവകൾ ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിൽ ഏവരെയും ഞെട്ടിച്ചത്. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നുമായിരുന്നു അത്.

എന്നാൽ രണ്ടാം മത്സരത്തിൽ ആതിഥേയരായ യുഎഇയോട് ഇന്ത്യക്ക് പിഴച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കും പുറമെ നിർഭാഗ്യവും കളിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുഎഇയുടെ വിജയം. ഗോളെന്നുറപ്പിച്ച ഒന്നിലധികം ഷോട്ടുകൾ ക്രോസ്ബാറിൽ തട്ടി മടങ്ങിയപ്പോൾ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Also Read: നിസ്സഹായനായുള്ള ധോണിയുടെ മടക്കം, അമ്പാട്ടി റായിഡുവിനെതിരെ ആരാധക രോഷം

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ബഹ്റൈനെ പരാജയപ്പെടുത്തി തായ്‍ലൻഡും അക്കൗണ്ട് തുറന്നു. ഒന്ന് വീതം സമനിലയും ജയവുമായി യുഎഇയാണ് ഗ്രൂപ്പിൽ മുന്നിൽ. ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യക്കും തായ്‍ലൻഡിനും മൂന്ന് പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യയാണ് മുന്നിൽ. ബഹ്‍റൈന് ഒരു പോയിന്റാണുള്ളത്. ഇക്കാരണങ്ങളാൽ ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ വളരെ സജീവമാണ്. ഇന്ത്യയുടെ സാധ്യതകൾ പരിശോധിക്കാം.

സാധ്യത 1: ഇന്ത്യ വിജയിച്ചാൽ

നിലവിൽ മൂന്ന് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ബഹ്‍റൈനെതിരായ മത്സരം ജയിച്ചാൽ ആറ് പോയിന്റുകളാകും. അങ്ങനെയെങ്കിൽ രണ്ടാം സ്ഥാനമെങ്കിലും ഇന്ത്യക്ക് ഉറപ്പിക്കാൻ സാധിക്കും. ഇനി തായ്‍ലൻഡ് യുഎഇയെ പരാജയപ്പെടുത്തുകയോ സമനില നേടുകയോ ചെയ്താൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തും. യുഎഇയാണ് ജയിക്കുന്നതെങ്കിലും ഇന്ത്യക്ക് പ്രീക്വാർട്ടറിൽ എത്താൻ സാധിക്കും.

Also Read: സമയ്റയ്ക്ക് സമ്മാനമായി രോഹിത്തിന്റെ സെഞ്ചുറി; ഒപ്പം ഒരുപിടി റെക്കോർഡുകളും

സാധ്യത 2: ഇന്ത്യ സമനില വഴങ്ങിയാൽ

ബഹ്‍റൈനെതിരെ ഇന്ത്യ സമനില വഴങ്ങിയാലും ഇന്ത്യക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കും. എന്നാൽ യുഎഇ-തായ്‍ലൻഡ് മത്സരത്തെ ആശ്രയിച്ചായിരിക്കും ഇത്. യുഎഇ തായ്‍ലൻഡിനെ പരാജയപ്പെടുത്തിയാലോ സമനില വഴങ്ങിയാലോ ഇന്ത്യക്ക് പ്രീക്വാർട്ടറിലെത്താം. ഇവിടെ ഇന്ത്യയെ സഹായിക്കുക ഗോൾശരാശരിയിലുള്ള മുൻതൂക്കമാണ്. എന്നാൽ യുഎഇ പരാജയപ്പെട്ടാൽ തായ്‍ലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തും.

Also Read: പിന്നെ ഒരിക്കലും മടങ്ങി വരില്ല: വിരമിക്കലിനെക്കുറിച്ച് വിരാട് കോഹ്‍ലി

സാധ്യത 3: ഇന്ത്യ പരാജയപ്പെട്ടാൽ

ബഹ്‍റൈനെതിരായ മത്സരം പരാജയപ്പെട്ടാൽ ഇന്ത്യയുടെ എല്ലാ പ്രീക്വാർട്ടർ പ്രതീക്ഷകളും അവസാനിക്കും. ബഹ്‍റൈന് നാല് പോയിന്റാവുകയും ഇന്ത്യ സാധ്യത പട്ടികയിൽ നിന്ന് തന്നെ പുറത്താവുകയും ചെയ്യും.

Also Read: ധോണി പുറത്തായത് ഞങ്ങളുടെ ഭാഗ്യം: റിച്ചാർഡ്‍സ്

നാളെയാണ് ഇന്ത്യ ബഹ്‍റൈൻ പോരാട്ടം. രാത്രി 9.30ന് അൽ ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റുകൾ തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അനിശ്ചിതത്വങ്ങൾ എല്ലാം അപ്രസക്തമാക്കി ഇന്ത്യ പ്രീക്വാർട്ടറിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook