വെല്ലിങ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ട്വന്റി-20യിലെ പരാജയത്തില്‍ ടീമിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഓപ്പണര്‍ സ്മൃതി മന്ദാന. സ്വപ്ന തുല്യമായ തുടക്കം ലഭിച്ചിട്ടും ടീം പരാജയപ്പെട്ടതോടെയാണ് മന്ദാന പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. മത്സരശേഷം പ്രതികരിക്കുകയായിരുന്നു താരം.
”ഞാന്‍ 20 ഓവര്‍ വരെ ബാറ്റ് ചെയ്യാം. അതാണ് ഏറ്റവും മികച്ച ഓപ്ഷന്. 18 വരെയെങ്കിലും ഞാന്‍ ബാറ്റ് ചെയ്താല്‍ പിന്നെ ടീം തകരില്ല. ടോപ്പ് ത്രീ വീണില്ലെങ്കില്‍ പിന്നെ വരുന്നവര്‍ക്ക് ജയിപ്പിക്കാനാകും. അതുകൊണ്ട് അതിനായിരിക്കും ഞാന്‍ ശ്രമിക്കുക” ടീമിലെ ഫിനിഷറുടെ അഭാവവും മധ്യനിരയുടെ മോശം പ്രകടനവുമായിരുന്നു മന്ദാനയുടെ പരോക്ഷ വിമര്‍ശനത്തിന്റെ കാരണം.
തന്റേയും ജമീമയുടേയും വിക്കറ്റുകളാണ് നിര്‍ണായകമായതെന്നും മന്ദാന പറഞ്ഞു. ” എന്റേയും ജമീമയുടേയും വിക്കറ്റുകളാണ് നിര്‍ണായകമായത്. ട്വന്റി-20യില്‍ പുറകെ പുറകെ പുറത്താകുന്നത് വലിയ വില കൊടുക്കേണ്ടി വരും. 160 റണ്‍സ് പിന്തുടരുമ്പോള്, റണ്‍റേറ്റ് 7-8 ആണെങ്കില്‍ പ്രത്യേകിച്ചും. അതനുസരിച്ചായിരിക്കണം പ്ലാനിങ്. ഇന്നത് സാധിച്ചില്ല” താരം പറഞ്ഞു.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 136 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കാര്യമായ സംഭാവന നല്‍കാതെ സൂസി ബെറ്റ്സ് രാധ യാദവിന്റെ പന്തില്‍ തനിയ ഭാട്ടിയയ്ക്ക് ക്യാച്ച് നല്കി പുറത്തായെങ്കിലും സോഫി ഡെവൈന്‍ മറുവശത്ത് ഉറച്ച് നിന്നു. അര്‍ധ സെഞ്ചുറി തികച്ച സോഫിക്ക് പിന്തുണയുമായി നായിക ഏമി സറ്റര്‍ത്വെയ്റ്റ് കൂടി എത്തിയതോടെ കിവികള്‍ ഭേദപ്പെട്ട സ്കോറിലേയ്ക്ക് ഉയര്‍ന്നു. 48 പന്തില്‍ 62 റണ്‍സെടുത്ത സോഫിയും 27 പന്തില്‍ 33 റണ്‍സെടുത്ത ഏമിയും പുറത്തായതോടെ കേറ്റി മാര്ട്ടിന് സ്കോറിങ്ങിന്റെ ചുമതല ഏറ്റെടുത്തു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കേറ്റി മാര്ട്ടിന് 14 പന്തില്‍ 27 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്സറുകളും ഒരു ഫോറും ഉള്‍പ്പെടുന്നു. ഇതോടെ നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഡി, രാധ യാദവ്, ദീപ്തി ശര്‍മ്മ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ പ്രിയ പൂനിയ നാല് റണ്‍സില്‍ മടങ്ങിയത് തുടക്കത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി ആയെങ്കിലും രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാനയും ജെമിമ റോഡ്രിഗസും തകര്‍ത്തടിച്ചു. 24 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച സ്മൃതി മന്ദാന ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ അതിവേഗം അര്‍ധ സെഞ്ചുറി നേടുന്ന വനിത താരവുമായി. ഏഴ് ബൗണ്ടറികളും മൂന്ന് സിക്സുകളും പായിച്ച മന്ദാന 34 പന്തില്‍ 58 റണ്‍സ് നേടി. ടീം സ്കോര്‍ 102ല്‍ നില്‍ക്കെ മന്ദാനയും അടുത്ത ഓവറില്‍ ജെമിമയും പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ച്ച മുന്നില്‍ കണ്ടു.
പിന്നാലെ എത്തിയവര്‍ക്കാര്‍ക്കും തന്നെ ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിക്കാന്‍ സാധിച്ചില്ല. നായിക ഹര്‍മന്‍പ്രീത് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും അമേലിയയുടെ പന്ത് കേറ്റി മാര്ട്ടിന് ക്യാച്ച് നല്കി ഹര്മന് പ്രീതും മടങ്ങി. മധ്യനിരയും വാലറ്റവും തകര്‍ന്നടിയുകയായിരുന്നു. ന്യൂസിലന്‍ഡിന് വേണ്ടി ലീ തഹുഹു മൂന്ന് വിക്കറ്റും അമേലിയ കേര്, കാസ്പെര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.