scorecardresearch

തീ തുപ്പി ബോളർമാര്‍, അടിച്ചൊതുക്കി ബാറ്റിങ് നിര; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം

63 റണ്‍സുമായി ടീമിനെ വിജയത്തിന്റെ വക്കത്തെത്തിച്ചാണ് മന്ദാന മടങ്ങിയത്. 47 റണ്‍സുമായി നായിക മിതാലി രാജാണ് ജയത്തിലേക്ക് നയിച്ചത്. നാല് വിക്കറ്റെടുത്ത ജുലനാണ് കളിയിലെ താരം

തീ തുപ്പി ബോളർമാര്‍, അടിച്ചൊതുക്കി ബാറ്റിങ് നിര; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം

മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ 7 വിക്കറ്റിനാണ് ജയിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയ ലക്ഷ്യം നായിക മിതാലി രാജിന്റെ ബൗണ്ടറിയോടെ ഇന്ത്യ മറി കടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി മുന്‍നിരയ്ക്ക് ഒന്നും ചെയ്യാനായിരുന്നില്ല. എന്നാല്‍ മധ്യ നിരയില്‍ നതാലി സിവെര്‍ 85 റണ്‍സുമായി മികച്ച ചെറുത്തു നില്‍പ്പു നടത്തിയതോടെ ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. ലോറണ്‍ വിന്‍ഫീല്‍ഡ് 28 റണ്‍സും ടസ്മിന്‍ ബോമോണ്ട് 20 റണ്‍സും നേടി. എന്നാല്‍ മറ്റാരും രണ്ടക്കം പോലും കടന്നില്ല. ഇന്ത്യയുടെ തീപ്പൊരി ബോളിങ്ങാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി ജുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡയും നാല് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റുമായി പൂനം യാദവും മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ജെമീമ റോഡ്രിഗ്വസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. 10 പന്തുകള്‍ നേരിട്ടെങ്കിലും ജെമീമക്ക് റണ്‍ കണ്ടെത്താനായില്ല. എന്നാല്‍ മറുവശത്ത് ഉറച്ചു നിന്ന സ്മൃതി മന്ദാന ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 63 റണ്‍സുമായി ടീമിനെ വിജയത്തിന്റെ വക്കത്തെത്തിച്ചാണ് മന്ദാന മടങ്ങിയത്. 32 റണ്‍സുമായി പൂനം റൗത്തും 47 റണ്‍സുമായി നായിക മിതാലി രാജും കളിയുടെ നിയന്ത്രണം അനായാസം ഇന്ത്യന്‍ കരങ്ങളിലേക്ക് എത്തിച്ചു. ദീപ്തി ശര്‍മ്മയെ കാഴ്ചക്കാരിയാക്കി മിതാലിയാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.

ഇന്നത്തെ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്നത്തെ വിജയത്തോടെ ഐസിസി വുമണ്‍സ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. നാല് വിക്കറ്റെടുത്ത ജുലന്‍ ഗോസ്വാമിയാണ് കളിയിലെ താരം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Advertising india vs england women 2nd odi highlights india win comfortably by 7 wickets