മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇന്നും അയവില്ല. മുന്‍ നായികയും ഇതിഹാസ താരവുമായ മിതാലി രാജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രമേശ് പവാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. തന്നോട് വിവേചനം കാണിക്കുന്നുവെന്ന മിതാലിയുടെ ആരോപണത്തെ ബിസിസിഐ കമ്മിറ്റിക്ക് മുമ്പാകെ സമ്മതിച്ച രമേശ് പവാർ, കമ്മിറ്റി മുമ്പാകെ ബോധിപ്പിച്ച കാര്യങ്ങളുടെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിവാദത്തിന്റെ വേദിയായ ട്വന്റി-20 ലോകകപ്പിനിടെ ടീമില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മിതാലി ശ്രമിച്ചെന്നാണ് പവാറിന്റെ ആരോപണം. പരിശീലകരെ മിതാലി ഭീഷണിപ്പെടുത്തുകയും  ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നുവെന്നും പവാറിന്റെ പത്ത് പേജുള്ള കത്തില്‍ പറയുന്നു.

”പരിശീലകരെ ഭീക്ഷണിപ്പെടുത്തുന്നതും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും മിതാലി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ നേട്ടത്തേക്കാള്‍ ടീമിന്റെ നേട്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുമെന്നും കരുതുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ നേട്ടത്തിന് പ്രഥമ പരിഗണന കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു” പവാര്‍ പറയുന്നു.

ടീമിന്റെ വിജയത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് മിതാലി കളിച്ചിരുന്നതെന്നും ടീമിലെ തന്റെ സ്ഥാനം പോലും മിതാലി മറന്നെന്നും പവാര്‍ ആരോപിച്ചു. ഇത് മറ്റ് താരങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നുവെന്നും പവാര്‍ പറയുന്നു. ടീമിലെ മുതിര്‍ന്ന താരമായ മിതാലി ടീം മീറ്റിങ്ങുകളില്‍ പക്ഷെ ഒട്ടും ആക്ടീവായിരുന്നില്ലെന്നും ടീം ടേബിളില്‍ ഒന്നാമതെത്തിയിട്ടും മിതാലി അഭിപ്രായം പറയുകയോ അഭിനന്ദിക്കുകയോ ഒന്നും ചെയ്തിരുന്നില്ലെന്നും പവാര്‍ ആരോപിക്കുന്നു.

ടീം പ്ലാന്‍ മനസ്സിലാക്കാനോ അത് അഡാപ്റ്റ് ചെയ്യാനോ മിതാലിക്ക് സാധിച്ചിരുന്നില്ലെന്നും കോച്ചെന്ന നിലയില്‍ മിതാലിയുടെ കരുത്ത് പറഞ്ഞു കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും കത്തില്‍ പറയുന്നു. പ്രാക്ടീസ് മത്സരത്തില്‍ മിതാലി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കാതെ വന്നതോടെയായിരുന്നു മിതാലിക്ക് പകരം താനിയ ഭാട്ടിയയെ ഓപ്പണിങ് ഇറക്കാന്‍ തീരുമാനിച്ചതെന്നും പവാര്‍ പറഞ്ഞു.

ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ മിതാലിക്ക് പകരം ഭാട്ടിയയെ ഓപ്പണ്‍ ചെയ്യിക്കുന്നതും മിതാലിയെ മധ്യനിരയില്‍ ഇറക്കാന്‍ തീരുമാനിച്ചതും അവരോട് സംസാരിച്ചിരുന്നുവെന്നും പറഞ്ഞ പവാര്‍ മത്സരശേഷം നടന്ന പ്രാക്ടടീസ് സെഷനില്‍ മിതാലി ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നതെന്നും ആരോപിക്കുന്നു. ന്യൂസിലൻഡിനെതിരെ മിതാലിയെ എന്തുകൊണ്ട് ഓപ്പണ്‍ ചെയ്യിപ്പിച്ചില്ലെന്ന് സെലക്ടര്‍മാര്‍ തങ്ങളോട് ചോദിച്ചിരുന്നുവെന്നും മിതാലിയെ ഓപ്പണിങ്ങില്‍ തന്നെ ഇറക്കണമെന്നും പറഞ്ഞതായും രമേശ് വെളിപ്പെടുത്തുന്നു.

തന്നെ ഓപ്പണ്‍ ചെയ്യിക്കാത്തതില്‍ പ്രതിഷേധിച്ച് മിതാലി ബാഗുമെടുത്ത് പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും രാവിലെ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നുവെന്നും പവാര്‍ ആരോപിച്ചു. മിതാലിയുടെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് താന്‍ ക്യാപ്റ്റനോടോ വൈസ് ക്യാപ്റ്റനോടോ സംസാരിച്ചിരുന്നില്ലെന്നും പവാര്‍ പറയുന്നു.

പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം ടീമിനുള്ളില്‍ മിതാലി ഗ്രൂപ്പുണ്ടാക്കിയെന്നും ചില പരിശീലകരേയും താരങ്ങളേയും തന്റെ ഗ്രൂപ്പില്‍ ചേര്‍ത്ത മിതാലി പരിശീലനത്തില്‍ പങ്കെടുക്കാതെ മാറി നിന്നതായും പവാര്‍ ആരോപിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ