മുംബൈ: മുന്‍ നായിക മിതാലി രാജും പരിശീലകന്‍ രമേശ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങളും ഭിന്നിപ്പും ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചുലച്ചിരിക്കുകയാണ്. ഇതോടെ പുതിയ പരിശീലകനെ കണ്ടെത്താനുറച്ചിരിക്കുകയാണ് ബിസിസിഐ. പവാറിന്റെ കരാര്‍ ഇന്നലെ അവസാനിച്ചിരുന്നു. ഇതോടെയാണ് പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിച്ചത്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പവാറിന്റെ കരാര്‍ നീട്ടേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കാനാണ് സാധ്യത. പവാറിന് പുതിയ അപേക്ഷ നല്‍കാമെങ്കിലും അപേക്ഷ പരിഗണിക്കാന്‍ സാധ്യത കാണുന്നില്ല. ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം പ്രകാരം മൂന്ന് പേരുടെ പേരുകളാണ് പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.

മുന്‍ ഓസീസ് താരവും പരിശീലന രംഗത്ത് പരിചയ സമ്പത്തുള്ള ടോം മൂഡിയുടേയും ശ്രീലങ്കയെ 1996 ലോകകപ്പ് ജേതാക്കളാക്കിയ, ബംഗ്ലാദേശിനെ പുതുപാതയിലേക്ക് നയിച്ച ഡേവ് വാട്ട്മോര്‍, ഇന്ത്യന്‍ പുരുഷ ടീമിന്റെ മുന്‍ ബോളിങ് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ വെങ്കിടേഷ് പ്രസാദ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. അതില്‍ തന്നെ വാട്ട്‌മോറിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

എന്നാല്‍ വാട്ട്‌മോര്‍ ഇന്ത്യയുടെ പരിശീലകനായാല്‍ അത് കേരളത്തിന് കനത്ത തിരച്ചടിയാകും. നിലവില്‍ കേരള ടീമിന്റെ പരിശീലകനാണ് അദ്ദേഹം. രഞ്ജിയില്‍ സമാനതകളില്ലാത്ത പോരാട്ട വീര്യം കേരളം കാണിക്കുന്നതിന് പിന്നില്‍ വാട്ട്‌മോറിന്റെ ബുദ്ധിയാണ്. ഈ സാഹചര്യത്തില്‍ വാട്ട്‌മോര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി മാറിയാല്‍ കേരളത്തിന് അത് തിരിച്ചടിയാകും. അതേസമയം, ചെറിയ ടീമുകളെ പോലും പോരാളികളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യന്‍ വനിതകള്‍ക്ക് ഉപകാരമാകും.

ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലിനുള്ള ടീമില്‍ നിന്നും മിതാലി രാജിനെ ഒഴിവാക്കിയതോടെയാണ് ഇന്ത്യന്‍ ടീമിലെ പടലപിണക്കം പുറത്തറിയുന്നത്. തന്നെ ഇല്ലാതാക്കാന്‍ കോച്ച് രമേശ് പവാര്‍ ശ്രമിക്കുകയാണെന്ന് മിതാലി തുറന്ന് പറയുകയായിരുന്നു. എന്നാല്‍ മിതാലി പരിശീലകരെ ഭീഷണിപ്പെടുത്തുകയാണന്നും സ്വാര്‍ത്ഥയാണെന്നും പവാര്‍ ആരോപിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും പരസ്പരം രംഗത്തെത്തിയതോടെ അടുത്ത കാലത്തൊന്നും നേരിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ഇന്ത്യന്‍ വനിതാ ടീം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ