ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20യ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. പരമ്പരയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഓസ്‌ട്രേലിയയുടെ തിരിച്ചു വരവാണോ അതോ ഇന്ത്യയുടെ അപ്രമാദിത്വമാണോ സംഭവിക്കുക എന്നതാണ്. അതേസമയം തന്നെ ആരാധകരെ ഏറെ ആവേശഭരിതരാക്കുന്നതാണ് കളിക്കളത്തിലെ ഏറ്റവും അഗ്രസ്സീവായ ടീമും ഏറ്റവും അഗ്രസ്സീവായ താരവും തമ്മില്‍ ഏറ്റുമുട്ടുന്നു എന്നത്.

കളിക്കളത്തില്‍ ചൂടാവാനാകും എതിരാളികളെ വാക്കുകള്‍ കൊണ്ട് ആക്രമിക്കാനും ഒട്ടു മടിയില്ലാത്ത താരമാണ് ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ വിരാടിന്റെ മുഖമുദ്രയായ അഗ്രസ്സീവ്‌നെസിന്റെ പതാകവാഹകരാണ് ഓസ്‌ട്രേലിയ. റിക്കി പോണ്ടിങ് മുതല്‍ അങ്ങോളവും ഇങ്ങോളവും കളിക്കളത്തില്‍ എതിരാളികളെ വാക്ക് ശരങ്ങള്‍ കൊണ്ട് തളര്‍ത്തുന്നത് കംഗാരുപ്പടയുടെ ശീലമാണ്. അതുകൊണ്ട് തന്നെ ഈ രണ്ട് കൂട്ടരും നേര്‍ക്കുനേരം വരുന്നത് കാണേണ്ട കാഴ്ച്ച തന്നെയായിരിക്കും.

എന്നാല്‍ താനായിട്ട് അങ്ങോട്ട് കേറി പ്രശ്‌നമുണ്ടാക്കില്ലെന്ന് വിരാട് കോഹ്ലി പറയുന്നു. അക്രമണോത്സുകത പുറത്തെടുക്കുന്നത് ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. പക്ഷെ, ഞങ്ങളായിട്ട് ഒന്നും തുടങ്ങിവെക്കില്ലെന്ന് കോഹ്ലി പറഞ്ഞു. എന്നും പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമെ ഗ്രൗണ്ടില്‍ പെരുമാറിയിട്ടുള്ളൂ. എന്നാല്‍ എതിരാളികള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ വിട്ടുകൊടുക്കയുമില്ല എന്നും വിരാട് പറഞ്ഞു. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം.

തന്നെ സംബന്ധിച്ചിടത്തോളം അക്രമണോത്സുകത എന്നാല്‍ വിജയിക്കാന്‍ ടീമിനായി ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ്. ഓരോ പന്തിലും അതിനുള്ള ശ്രമമുണ്ടാവും. അക്രമണോത്സുകതയെ ഓരോരുത്തരും ഓരോതരത്തിലായിരിക്കും നിര്‍വചിക്കുക. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ടീമിനായി 120 ശതമാനവും നല്‍കി എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബാറ്റ് ചെയ്യുമ്പോഴായാലും സഹതാരങ്ങള്‍ക്കായി ബെഞ്ചിലിരുന്ന് കൈയടിക്കുമ്പോഴായാലും റണ്ണിനായി ഓടുമ്പോഴായാലും അത് അങ്ങനെതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook