scorecardresearch

KERALA vs MUMBAI: പ്രതിരോധം പാളി, കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി (1-2)

ജംഷ്ഡ്പൂരിനെതിരെ ലൂണ നേടിയ ഗോൾ കഴിഞ്ഞ ആഴ്ചയിലെ ഐഎസ്എല്ലിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു

ജംഷ്ഡ്പൂരിനെതിരെ ലൂണ നേടിയ ഗോൾ കഴിഞ്ഞ ആഴ്ചയിലെ ഐഎസ്എല്ലിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു

author-image
Sports Desk
New Update
ISL | KERALA BLASTERS | MUMBAI CITY FC

KERALA BLASTERS

മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റിയുമായുള്ള ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി (2-1). 66ാം മിനിറ്റിൽ ലാലങ്മാവിയ റാൽറ്റേ നേടിയ ഹെഡ്ഡർ ഗോളിന്റെ കരുത്തിലാണ് മുംബൈയുടെ ജയം. അവസാന മിനിറ്റുകളിൽ രണ്ട് ചുവപ്പ് കാർഡുകൾ കണ്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ പാളിച്ചകളാണ് തോൽവിയിലേക്ക് തള്ളിയിട്ടത്.

Advertisment

അവസാന മിനിറ്റുകളിൽ മുംബൈ-കേരള താരങ്ങൾ പരസ്പരം കൊമ്പുകോർത്തത് മത്സരം കയ്യാങ്കളിയുടെ വക്കിലെത്തിച്ചിരുന്നു. നിരവധി തവണ റഫറിക്ക് മത്സരം നിർത്തിവെക്കേണ്ടി വന്നു. കളിയുടെ എക്സ്ട്രാ ടൈമിൽ അവസാന മിനിറ്റുകളിലാണ് മിലോസ് ഡ്രിൻസിച്ചും യോൽ വാൻ നീഫുമാണ് ചുവപ്പ് കാർഡ് വാങ്ങിയത്.

ആദ്യ പകുതിയുടെ അധികസമയത്ത് (45+3) പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് പേരേര ഡയസാണ് മുംബൈയ്ക്കായി ആദ്യം വലകുലുക്കിയത്. ഗോളി സച്ചിൻ സുരേഷിന്റ കയ്യിൽ നിന്ന് വഴുതി മാറിയ പന്ത് അർജന്റീനൻ സ്ട്രൈക്കർ വലയിലേക്ക് തട്ടിയിടുകയായിരുന്നു. തീർത്തും അനാവശ്യ പിഴവാണ് പ്രതിരോധനിര വരുത്തിയത്.

എന്നാൽ, രണ്ടാം പകുതിയുടെ 56ാം മിനിറ്റിൽ മധ്യനിര താരം ഡാനിഷ് ഫാറൂഖിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തി. എന്നാൽ മിനിറ്റുകൾക്കകം ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ ആശയക്കുഴപ്പത്തിനിടെ, റാൽറ്റേ മുംബൈയെ വീണ്ടും ഹെഡ്ഡറിലൂടെ മുന്നിലെത്തിച്ചു. 78ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ഒരു ഹെഡ്ഡർ നേരിയ വ്യത്യാസത്തിന് പുറത്തു പോയത്.

Advertisment

ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ലൂണയുടെ നേതൃത്വത്തിൽ മഞ്ഞപ്പട മികച്ച മുന്നേറ്റങ്ങളാണ് മെനഞ്ഞെടുത്തത്. പക്ഷേ ഫിനിഷിങ് ലൈനിൽ ആരും മികവിനൊത്തുയർന്നില്ല. ഡാനിഷ് ഫാറൂഖിയുടെ ക്രോസ് ആദ്യ പകുതിയിൽ ചെറിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്.

അതേസമയം, ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 50ാം മത്സരമാണ് ഉറുഗ്വേ താരം അഡ്രിയാൻ ലൂണ ഇന്ന് കളിക്കുന്നത്. ലൂണയുടെ കരിയറിലെ നിർണായകമായൊരു നാഴികക്കല്ലാണിതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വില പിടിപ്പുള്ള താരം കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ രണ്ട് ലീഗ് മത്സരങ്ങളിലും ഗോളുകൾ നേടി മികച്ച ഫോമിലാണ് മഞ്ഞപ്പടയുടെ നായകനുള്ളത്. അമ്പതാം മത്സരത്തിനിറങ്ങും മുമ്പേ ലൂണ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയെത്തിയിരുന്നു. ജംഷ്ഡ്പൂരിനെതിരെ കഴിഞ്ഞ മത്സരത്തിൽ ലൂണ നേടിയ ഗോൾ, കഴിഞ്ഞ ആഴ്ചയിലെ ഐഎസ്എല്ലിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2023 സീസണിലെ ആദ്യ എവേ മത്സരത്തിൽ നീലയും പിങ്കും നിറത്തിലുള്ള എവേ ജേഴ്സിയാണ് കൊമ്പന്മാർ അണിയുക. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം പകർന്ന് ഗോൾ മെഷീൻ ദിമിത്രിയോസ് ഡയമന്റക്കോസ് ആദ്യ ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. മധ്യനിരയിൽ ഐമന് പകരം വിബിനാണ് ഫസ്റ്റ് ഇലവനിൽ ഇടംപിടിച്ചിരിക്കുന്നത്. സച്ചിൻ ഗോൾവല കാക്കും.

കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്. ആറ് പോയിന്റുള്ള ഗോവ ഗോൾ ശരാശരിയിൽ രണ്ടാമതെത്തി. ഇന്ന് ജയിച്ചാൽ കേരളത്തിന് രണ്ടാം സ്ഥാനം തിരികെപ്പിടിക്കാം. ഒന്നാം സ്ഥാനത്ത് എത്തണമെങ്കിൽ അഞ്ച് ഗോൾ വ്യത്യാസത്തിലെങ്കിലും കൊമ്പന്മാർക്ക് ജയിക്കേണ്ടി വരും.

Kerala Blasters Fc Mumbai City Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: