പണിയെടുക്കാതെ കൂലി വാങ്ങുന്ന പല ഉടായിപ്പ് പണിക്കാരേയും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലൊന്നാണ് ഇന്നലെ ലോര്‍ഡ്‌സിലും കണ്ടത്. പണിയെടുക്കാതെ എന്നു പറഞ്ഞാല്‍ കളിക്കാതെ എന്നല്ല. ബാറ്റ് ചെയ്യാതേയും ബോളെറിയാതേയും ക്യാച്ചെടുക്കാതേയും റണ്ണൗട്ടില്‍ പങ്കെടുക്കാതേയും കളിയുടെ ഭാഗമാകുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് ഇംഗ്ലണ്ട് താരം ആദില്‍ റാഷിദ്

ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഒരു ബോള്‍ പോലും ചെയ്യാതെ, ഒരു പന്തുപോലും ബാറ്റു ചെയ്യാതെ, ക്യാച്ചിലോ റണ്ണൗട്ടിലോ പങ്കാളിയാകാതെ പോകുന്ന 14-ാമത്തെ താരമാണ് റാഷിദ്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഈ ‘നേട്ടം’ കൈവരിക്കുന്ന ആദ്യ ഇംഗ്ലിഷ് താരവുമാണ് റാഷിദ്. ആദില്‍ റാഷിദിന് ഈ മല്‍സരത്തില്‍നിന്ന് പ്രതിഫലമായി ലഭിക്കുന്നത് പത്തു ലക്ഷത്തിലധികം രൂപയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നു കഴിഞ്ഞു. പണിയെടുക്കാതെ നോക്ക് കൂലി വാങ്ങിയ ആദ്യത്തെ താരമെന്നാണ് സോഷ്യല്‍ മീഡിയ റാഷിദിനെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യ ബാറ്റ് ചെയ്ത 35.2 ഓവര്‍ എറിത്തത് ഇംഗ്ലണ്ടിന്റെ പേസര്‍മാരായിരുന്നു. അതില്‍ തന്നെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ക്രിസ് വോക്‌സ് രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറ്റൊന്ന് റണ്‍ ഔട്ടായിരുന്നു. അതിലും പങ്കാളിയാവാനായില്ല.

തമാശ രൂപത്തിലാണ് ട്രോളുകളൊക്കെ. സംഭവത്തില്‍ റാഷിദിനെ കുറ്റം പറയാന്‍ കഴിയില്ല. ഇന്ത്യയെ തകര്‍ക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളുടേയും പേസര്‍മാരുടെ മിടുക്കിന്റേയും ഫലമായാണ് റാഷിദിന് പന്തെറിയാന്‍ കഴിയാതെ പോയത്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതു കൊണ്ടാണ് ഇത്രയും ചര്‍ച്ചയായി മാറിയതെന്ന് മാത്രം.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് നിരയില്‍ ആദില്‍ റാഷിദിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. 396ന് ഏഴാം വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലും റാഷിദിന് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. 130 റണ്‍സിനാണ് എല്ലാവരും കൂടാരം കയറിയത്. പോരാത്തതിന് ബൗണ്ടറി ലൈനില്‍ ഫില്‍ഡ് ചെയ്തതു കൊണ്ട് ക്യാച്ചിനുള്ള അവസരവും ലഭിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook