ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ആണെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്മാന്‍, നായകന്‍ എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന താരമാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു. ധോണി ഒരു ബ്രാന്‍ഡ് ആണെന്നും എല്ലാ നിലകളിലും വിജയം കൈവരിച്ച ആളാണെന്നും ഗില്‍ക്രിസ്റ്റ് ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.

തന്റെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം 2007ലെ ലോകകപ്പ് ഫൈനലില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ശ്രീലങ്കയ്ക്ക് എതിരായ ഫൈനലില്‍ 104 പന്തില്‍ 149 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ‘2007 ലോകകപ്പിലെ ആ മത്സരമാണ് എന്റെ മികച്ച നേട്ടം. ഞങ്ങള്‍ വളരെയധികം തയ്യാറെടുപ്പ് നടത്തിയ മത്സരം ആയിരുന്നു അത്. അതിന് മുമ്പത്തെ ലോകകപ്പില്‍ കുഴപ്പം ഇല്ലാത്ത പ്രകടനം ആയിരുന്നു. എന്നാല്‍ 2007 മികച്ചു നിന്നു’, ഗില്ലി പറഞ്ഞു.

ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ – ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ആദം ഗില്‍ക്രിസ്റ്റ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 96 ടെസ്റ്റുകള്‍ കളിച്ച ഗില്ലി 5570 റണ്‍സടിച്ചു. 17 സെഞ്ചുറിയും 26 ഫിഫ്റ്റിയും ഗില്ലിയുടെ പേരിലുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ ആസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഗിൽക്രിസ്റ്റിന്റെ പേരിലാണ്.

ഏകദിനത്തിലും ടെസ്റ്റിലും പ്രഹരശേഷി ഏറ്റവും കൂടിയ ബാറ്റ്സ്മാന്മാരിലൊരാളാണ് ഗിൽക്രിസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചത് ഇദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 100-ൽ കൂടുതൽ സിക്സറുകളടിച്ച ഏക കളിക്കാരൻ ഇദ്ദേഹമാണ്. 2008 മാര്‍ച്ചിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ