Latest News

ബാലന്‍ ദി ഓറും അപമാനവും ഒരേ വേദിയില്‍ ‘ഏറ്റുവാങ്ങി’ അഡ; വിവാദമായതോടെ അവതാരകന്റെ മാപ്പ്

ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാന്‍ താരത്തെ ക്ഷണിച്ച ഡിജെ മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഇതോടെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നത്

Ada Hegenberg

പാരിസ്: വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള പ്രഥമ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗിന് പുരസ്‌കാര വേദിയില്‍ അപമാനം. ചരിത്ര പ്രധാനമായ പുരസ്‌കാരം നേടിയതിന് പിന്നാലെ അഡയോട് അവതാരകന്‍ ‘ട്വര്‍ക്ക്’ ചെയ്യാന്‍ അറിയുമോ എന്ന് ചോദിക്കുകയും നൃത്തത്തിനായി ക്ഷണിക്കുകയുമായിരുന്നു. അവതാരകനായ ഡിജെ മാര്‍ട്ടിന്‍ സോള്‍വെഗിന്റെ ചോദ്യത്തില്‍ അപമാനിതയായ അഡ പറ്റില്ലെന്ന് മറുപടി കൊടുത്തു.

അഡയുടെ മുഖത്തും സംസാരത്തിലും താന്‍ അപമാനിക്കപ്പെട്ടതിന്റെ അമര്‍ഷവും ദുഃഖവും വ്യക്തമായിരുന്നു. ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാന്‍ താരത്തെ ക്ഷണിച്ച ഡിജെ മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഇതോടെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നത്. 23 കാരിയായ അഡയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ ഡിജെ മാര്‍ട്ടിന്‍ ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചു.

തന്റേതൊരു മോശം തമാശയായിരുന്നുവെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മാര്‍ട്ടിന്‍ പറയുന്നു.

ചരിത്രത്തില്‍ ഇതാദ്യമായാണ് വനിത ഫുട്‌ബോള്‍ താരത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒളിംപിക് ലിയോണൈസ് ഫുട്‌ബോള്‍ ക്ലബിന്റെ മുന്നേറ്റ താരമായ അഡ, നോര്‍വേയുടെ ദേശീയ ടീമിന്റെ സ്‌ട്രൈക്കറാണ്. ഫ്രാന്‍സ് ഡിവിഷന്‍ വണ്ണില്‍ പത്ത് കളികളില്‍ നിന്ന് പത്ത് ഗോള്‍ നേടിയ ഇവര്‍ വനിതകളുടെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് ഗോളാണ് കഴിഞ്ഞ സീസണില്‍ നേടിയത്.

നീണ്ട പത്ത് വര്‍ഷക്കാലം മെസ്സിയും റൊണാള്‍ഡോയും മാറി മാറി കൈവശം വച്ചുപോന്ന ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഇക്കുറി ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു.

ലോകമെമ്പാടുമുളള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍, അവസാന മുപ്പതംഗ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലന്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കുന്നത്. ഒരു ദശാബ്ദക്കാലം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്ത് നിലനിര്‍ത്തിപ്പോന്ന അപ്രമാദിത്വത്തിനേറ്റ തിരിച്ചടി കൂടിയായി ഇത്.

പാരിസില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം മോഡ്രിച്ച് ഏറ്റുവാങ്ങി. വോട്ടെടുപ്പില്‍ മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 476പോയിന്റാണ് സ്വന്തമാക്കാനായത്. മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ് നാലാമത്. മെസ്സിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എംബാപെയാണ് മികച്ച അണ്ടര്‍21 താരം. പാരീസില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് മെസ്സിയുടെയും റൊണാള്‍ഡോയുടെയും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 2007 ന് ശേഷം ഇതാദ്യമായാണ് ഇവരാരെങ്കിലും ഒരാളില്ലാതെ ഈ പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്.

ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടിയും ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പ്രാപ്തനാക്കിയത്. ലോകകപ്പില്‍ രണ്ടാം സ്ഥാനം കൊണ്ട് ക്രൊയേഷ്യ തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍, ചാംപ്യന്‍സ് ലീഗില്‍ റയലിനെ ജേതാക്കളാക്കുന്നതില്‍ മോഡ്രിച്ച് പ്രധാന പങ്കാണ് വഹിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ada hegerbergs ballon dor award tarnished by twerk request

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com