/indian-express-malayalam/media/media_files/uploads/2018/12/Luka.jpg)
പാരിസ്: നീണ്ട പത്ത് വർഷക്കാലം മെസ്സിയും റൊണാൾഡോയും മാറി മാറി കൈവശം വച്ചുപോന്ന ബാലൻ ദി ഓർ പുരസ്‌കാരം ഇക്കുറി ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്. നോർവെ താരം അഡ ഹെഗ്ബർഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ലോകമെമ്പാടുമുളള സ്പോർട്സ് ജേണലിസ്റ്റുകൾ, അവസാന മുപ്പതംഗ പട്ടികയിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്ബോൾ താരത്തെ തിരഞ്ഞെടുത്തത്.
ഫിഫയുടെ ലോക ഫുട്ബോളർ പുരസ്കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലൻ ദി ഓർ പുരസ്കാരവും സ്വന്തമാക്കുന്നത്. ഒരു ദശാബ്ദക്കാലം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ ലോകത്ത് നിലനിർത്തിപ്പോന്ന അപ്രമാദിത്വത്തിനേറ്റ തിരിച്ചടി കൂടിയായി ഇത്.
പാരിസിൽ നടന്ന ചടങ്ങിൽ ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന പുരസ്കാരം മോഡ്രിച്ച് ഏറ്റുവാങ്ങി. വോട്ടെടുപ്പിൽ മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 476പോയിന്റാണ് സ്വന്തമാക്കാനായത്. മൂന്നാമതെത്തിയ അന്റോയ്ൻ ഗ്രീസ്മാൻ 414 പോയിന്റും നേടി. ഫ്രാൻസ് താരം കിലിയൻ എംബാപെയാണ് നാലാമത്. മെസ്സിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എംബാപെയാണ് മികച്ച അണ്ടർ–21 താരം. പാരീസിൽ നടന്ന പുരസ്‌കാരദാന ചടങ്ങ് മെസ്സിയുടെയും റൊണാൾഡോയുടെയും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 2007 ന് ശേഷം ഇതാദ്യമായാണ് ഇവരാരെങ്കിലും ഒരാളില്ലാതെ ഈ പുരസ്കാരദാന ചടങ്ങ് നടക്കുന്നത്.
ലോകകപ്പിൽ ക്രൊയേഷ്യയ്ക്ക് വേണ്ടിയും ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പ്രാപ്തനാക്കിയത്. ലോകകപ്പിൽ രണ്ടാം സ്ഥാനം കൊണ്ട് ക്രൊയേഷ്യ തൃപ്തിപ്പെടേണ്ടി വന്നെങ്കിൽ, ചാംപ്യൻസ് ലീഗിൽ റയലിനെ ജേതാക്കളാക്കുന്നതിൽ മോഡ്രിച്ച് പ്രധാന പങ്കാണ് വഹിച്ചത്.
ചരിത്രത്തിൽ ഇതാദ്യമായാണ് വനിത ഫുട്ബോൾ താരത്തിനും പുരസ്കാരം ഏർപ്പെടുത്തിയത്. ഒളിംപിക് ലിയോണൈസ് ഫുട്ബോൾ ക്ലബിന്റെ മുന്നേറ്റ താരമായ അഡ, നോർവേയുടെ ദേശീയ ടീമിന്റെ സ്ട്രൈക്കറാണ്. ഫ്രാൻസ് ഡിവിഷൻ വണ്ണിൽ പത്ത് കളികളിൽ നിന്ന് പത്ത് ഗോൾ നേടിയ ഇവർ വനിതകളുടെ യുവേഫ ചാംപ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളാണ് കഴിഞ്ഞ സീസണിൽ നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us